10 എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിന് വധഭീഷണി
തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പലിനെതിരേ വധഭീഷണി നടത്തിയ 10 എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരേ ധര്‍മടം പൊലിസ് കേസെടുത്തു.
പ്രിന്‍സിപ്പല്‍ (ഇന്‍ചാര്‍ജ്) പ്രൊഫ. കെ. ഫല്ഗുണന് നല്കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
കോളജ് കോംപൗണ്ടില്‍ എ.ബി.വി.പിയുടെ കൊടിനാട്ടലുമായി ബന്ധപ്പെട്ടാണ് പ്രിന്‍സിപ്പലിനെതിരേ വധഭീഷണിയുമായി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. പ്രവര്‍ത്തകരായ പ്രജു, നിഷാദ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന എട്ടുപേര്ക്കെതിരേയുമാണ് കേസെടുത്തത്. പ്രിന്‍സിപ്പലിന്റെ ഓഫിസ് കാബിനില്‍ കയറിയാണ് ഭീഷണി മുഴക്കിയത്.
എ.ബി.വി.പി സംഘടിപ്പിച്ച ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണത്തിനായി നാട്ടിയ കൊടിമരം പരിപാടി കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പിഴുതെടുത്ത് പൊലിസിന് കൈമാറിയിരുന്നു.
തുടര്‍ന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അടുത്തദിവസം തന്നെ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ വീണ്ടും കോളജ് കോംപൗണ്ടില്‍ കൊടിമരം നാട്ടിയിരുന്നു.
പ്രിന്‍സിപ്പലിന്റെ അനുമതി ഇല്ലാതെയായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ കൊടി നാട്ടിയത്.
പിന്നീട് പ്രിന്‍സിപ്പലിന്റെ മൊബൈലിലേക്ക് ഭീഷണികളുടെ പ്രവാഹമായിരുന്നു. ഞായറാഴ്ചയാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ ധര്‍മടം പൊലിസില്‍ പരാതി നല്‍കിയത്. കോളജും പ്രിന്‍സിപ്പലിന്റെ വീടും പൊലിസ് സുരക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."