പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലോ മതം മാറുന്നതിലോ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ല- കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലോ സ്വന്തം താല്‍പര്യ പ്രകാരം മതം മാറുന്നതിലോ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത ഹൈക്കോടതി. മകളെ ഇതര മതസ്ഥനായ ഒരാള്‍ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി.
പിതാവ് പൊലിസില്‍ പരാതി നല്‍കിയതിന് പിന്നാലെ പത്തൊന്‍പതുകാരിയായ യുവതിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഇവര്‍ മജിസ്‌ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
'പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു, പിന്നീടച് മതം മാറുകയും വീട്ടിലേക്ക് മടങ്ങുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്താലും ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല'- ജസ്റ്റിസുമാരായ സഞ്ജീപ് ബാനര്‍ജി, അര്‍ജിത്ത് ബാനര്‍ജി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
മജിസ്‌ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കുമ്പോള്‍ മകള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റുന്ന സാഹചര്യമുണ്ടായിരുന്നോ എന്നതില്‍ സംശയമുണ്ടെന്നായിരുന്നു പിതാവിന്റെ ഹരജി. ഈ ഹരജിയില്‍ വാദം കേള്‍ക്കുന്ന സമയത്തായിരുന്നു കോടതി പെണ്‍കുട്ടിക്ക് അനുകൂലമായി നിരീക്ഷണം നടത്തിയത്.
കൃത്യമായ റിപ്പോര്‍ട്ട് വന്നതിന് ശേഷവും പിതാവ് സംശയവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം പിതാവിന്റെ പരാതി പരിഗണിച്ച് ഏറ്റവും മുതിര്‍ന്ന അഡീഷണല്‍ ജില്ലാ ജഡ്ജിന് മുന്‍പില്‍ പെണ്‍കുട്ടിയോട് ഒരിക്കല്‍ കൂടി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടി മൊഴി നല്‍കുന്ന സമയത്ത് ഭര്‍ത്താവും പിതാവുമടക്കമുള്ള ആരും തന്നെ പെണ്‍കുട്ടിയോടൊപ്പം ഉണ്ടാകരുതെന്നും ഭീഷണിക്കോ പ്രലോഭനത്തിനുമോ ഉള്ള ഒരു സാധ്യതയും ഇല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."