അനിവാര്യ സാഹചര്യമുണ്ടായാല്‍ പങ്കുചേരും: മുസ്ലിം ലീഗ്
കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി വഞ്ചിച്ചതിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിന് പകരം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച് വിഷയത്തെ വഴി തിരിച്ചുവിടാനുള്ള മര്‍കസ് അധികൃതരുടെ നീക്കം പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ്. നീതിയുക്തമായ സമരത്തില്‍ പങ്കുചേരേണ്ട അനിവാര്യ സാഹചര്യമുണ്ടായാല്‍ ആലോചിക്കുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കറും പ്രസ്താവനയില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത് ന്യായമായ ആവശ്യമുയര്‍ത്തിയാണ്. സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ പല രാഷ്ട്രീയ പക്ഷത്ത് നില്‍ക്കുന്നവരായിരിക്കാം അതേ സമയം വിദ്യാര്‍ഥി സമൂഹം ഒന്നിച്ചു നടത്തുന്ന സമരത്തിന് എം.എസ്.എഫിന്റെയും മുസ്ലിം ലീഗിന്റെയും അനുഭാവമുണ്ട്. എന്നാല്‍ വിദ്യാര്‍ഥികള്‍ നേരിട്ടു നടത്തുന്ന സമരത്തില്‍ ലീഗ് പങ്കാളിയാകേണ്ട കാര്യമില്ല. സമരം സമാധാന പരമായാണ് മുന്നോട്ടു പോകുന്നത്. ഈ സമരത്തെ വഴി തിരിച്ചു വിടാന്‍ മാത്രമാണ് ലീഗിനെതിരേ ആരോപണവുമായി മര്‍കസ് രംഗത്തുവരുന്നത്. വിദ്യാര്‍ഥികളുടെ സംയുക്ത സമരസമിതി നടത്തുന്ന സമരത്തെ മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച് പ്രകോപനമുണ്ടാക്കാന്‍ നടത്തുന്ന ശ്രമത്തെ പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."