ജാഗ്രതാ മുന്നറിയിപ്പ് അറിയാതെ കടലില്‍ കുടുങ്ങി മത്സ്യത്തൊഴിലാളികള്‍
കൊല്ലം: മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കു കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പു കൈമാറാന്‍ ഇനിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന പരാതിയുമായി മല്‍സ്യത്തൊഴിലാളികള്‍ രംഗത്ത്. കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ അപ്പുറത്ത് മത്സ്യബന്ധനത്തിനു പോയ ട്രോളിങ് ബോട്ടുകള്‍ക്കാണ് മുന്നറിയിപ്പു കൈമാറാന്‍ സാധിക്കാതെ വന്നത്.
കഴിഞ്ഞയാഴ്ച സംസ്ഥാനത്തുനിന്നു പോയ തൊഴിലാളികളില്‍ ഇരുപതു ശതമാനം പേര്‍ ഇനിയും മടങ്ങി വന്നിട്ടില്ലെന്നാണു കണക്ക്. കരയില്‍നിന്നു 20 നോട്ടിക്കല്‍ മൈലാണ് വയര്‍ലെസ് സന്ദേശത്തിന്റെ ദൂരപരിധി.
200 നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കണമെന്ന ആവശ്യം ഓഖിക്കുശേഷവും നടപ്പായിട്ടില്ല.
ഓഖിക്കു ശേഷം സര്‍ക്കാര്‍ നടപ്പാക്കിയ സാഗര എന്ന ആപ്പും ഫലപ്രദമല്ലെന്നു വിമര്‍ശനമുണ്ട്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് സന്ദേശമയക്കാന്‍ ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും സാധിക്കാത്തതും തിരിച്ചടിയായി. ചൂണ്ട വള്ളങ്ങള്‍ക്കും സന്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന പരാതി.
രണ്ടു ദിവസത്തിലൊരിക്കല്‍ കടലില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പു കൈമാറിയിട്ടുണ്ട്. ഇവരൊക്കെ ഇന്നലെ വൈകിട്ടോടെതന്നെ തീരത്തെത്തിയിരുന്നു. ഇതിനിടെ അതത് ജില്ലാ ഭരണകൂടങ്ങള്‍ തീരദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."