മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന്; അസി. മാനേജരെ കിയാല്‍ പിരിച്ചുവിട്ടു
കണ്ണൂര്‍: മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കുറ്റത്തിനു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. വിമാനത്താവള അഗ്‌നി രക്ഷാവിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ.എല്‍ രമേശനെയാണു സര്‍വിസില്‍ നിന്നു നീക്കം ചെയ്ത് കിയാല്‍ എം.ഡി വി. തുളസീദാസ് ഉത്തരവിറക്കിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് സുപ്രിംകോടതിവിധി വന്ന പശ്ചാത്തലത്തില്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തെ തുടര്‍ന്നാണു നടപടി. സി.പി.എം പ്രവര്‍ത്തകനായ മട്ടന്നൂര്‍ കാരപേരാവൂര്‍ തെളുപ്പിലെ കെ. വിനീത് കിയാലിനു നല്‍കിയ പരാതിയിലാണു രമേശനെതിരേ നടപടി. വിനീതിന്റെ പരാതിയില്‍ കഴിഞ്ഞ നവംബര്‍ 20നു രമേശിനു കിയാല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കിയാല്‍ എം.ഡി രമേശിനെ സര്‍വിസില്‍ നിന്നു നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
അതേസമയം കിയാലിലെ ക്രമക്കേടുകള്‍ ചോദ്യംചെയ്യുകയും സ്വതന്ത്ര തൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണു തന്നെ പിരിച്ചുവിടാനുള്ള പ്രധാന കാരണമെന്നു രമേശ് പറഞ്ഞു. കിയാലിലെ ഉദ്യോഗസ്ഥനായ മന്ത്രിയുടെ മകനു മാത്രം ക്രമവിരുദ്ധമായി പ്രമോഷനും ശമ്പള വര്‍ധനയും നല്‍കുന്നതിനെ ചോദ്യംചെയ്തിരുന്നു. ഇതാണു മാനേജ്‌മെന്റിനെ പ്രധാനമായും പ്രകോപിപ്പിച്ചത്. സ്ഥാപനത്തിന്റെ നിയമാവലികള്‍ ലംഘിക്കുന്ന ഒരുനടപടിയും സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശത്തില്‍ തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും രമേശ് വ്യക്തമാക്കി.
സ്ഥാപനം വ്യക്തമായ ഒരു പെരുമാറ്റച്ചട്ടം ജീവനക്കാര്‍ക്കു നല്‍കിയിട്ടില്ല. എന്നാല്‍ ഇതു പ്രവര്‍ത്തനമാരംഭിച്ച് അധികം നാള്‍ ആകാത്തത്തു കൊണ്ടാണെന്നും ജീവനക്കാര്‍ക്കെതിരേ മോശം പെരുമാറ്റത്തിനു നടപടിയെടുക്കാന്‍ ഒരു തടസവുമില്ലെന്നും കിയാല്‍ എം.ഡിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം രമേശിനെതിരേയുള്ള നടപടി 28നകം പിന്‍വലിച്ചെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നു ചൂണ്ടിക്കാട്ടി കിയാല്‍ എംപ്ലോയീസ് അസോസിയേഷന്‍ എം.ഡിക്കു കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."