മഴ തകര്‍ത്തു പെയ്യും, പ്രളയമുണ്ടാകില്ല
കോഴിക്കോട്: ഇന്നു തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുമെന്നു പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദത്തിനു പിന്നാലെ തിങ്കളാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുന്നു. അറബിക്കടലില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്ന സമയത്തു തന്നെയാകും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. ഇക്കാര്യം ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്ഥിരീകരിച്ചു.
ഇതോടെ മേഖലയിലെ കാറ്റിന്റെ ഗതിയിലുണ്ടായ വ്യതിയാനം കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്ടിലേക്ക് ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള ഈര്‍പ്പമേറിയ കിഴക്കന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ഇതു തമിഴ്‌നാട്ടില്‍ അടുത്തദിവസങ്ങളില്‍ കനത്തമഴയുണ്ടാക്കും. ഈകാറ്റ് പശ്ചിമഘട്ടത്തിന് വിടവുകളുള്ള പാലക്കാട് ജില്ലയുടെ അതിര്‍ത്തി വഴി കേരളത്തില്‍ എത്തുന്നതോടെ പാലക്കാട്ടും ഇടിയോടുകൂടിയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
തെക്കുകിഴക്ക് അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനും ഇടയില്‍ സമുദ്രനിരപ്പില്‍നിന്ന് 5.8 കി.മി ഉയരത്തിലായി രൂപപ്പെട്ട സൈക്ലോണിക് സര്‍കുലേഷന്‍ (ചക്രവാതച്ചുഴി) ഇന്ന് ലക്ഷദ്വീപിനു സമീപം ലോ പ്രഷറായി മാറുകയും തുടര്‍ന്ന് 24 മണിക്കൂറിനകം വീണ്ടും ശക്തിപ്പെട്ട് വെല്‍മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആയി ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യും. ഇതിനിടെയാകും ലുബാന്‍ ചുഴലിക്കാറ്റായി രൂപം കൊള്ളുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റു കാലാവസ്ഥാ ഏജന്‍സികളും കണക്കുകൂട്ടുന്നത്.
കേരളത്തിന്റെ കിഴക്കും പടിഞ്ഞാറും ഒരേസമയം ന്യൂനമര്‍ദം രൂപപ്പെടുന്നത് ആശങ്കാജനകമായ സാഹചര്യമാണ് ഒരുക്കുന്നത്. എന്നാല്‍ അറബിക്കടലിലെ ശക്തിയേറിയ ന്യൂനമര്‍ദം കേരളതീരത്തുനിന്ന് ഏകദേശം 250 കിലോമീറ്ററിലധികം അകലെയാകുന്നതിനാല്‍ കനത്തമഴയ്ക്കപ്പുറം ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് സ്വകാര്യ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കൂടാതെ ന്യൂനമര്‍ദം ഒമാന്‍ തീരം ലക്ഷ്യംവച്ചു നീങ്ങുന്നതോടെ കേരളത്തില്‍ മഴകുറയും. ഈ മാസം ഏഴിന് പശ്ചിമഘട്ട മലനിരകളുടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഭാഗങ്ങളില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്. ഇതു ഡാമുകളിലെ ജലനിരപ്പ് കൂട്ടാനും ഡാം നിറയാനും കാരണമായേക്കാം. ഇന്നു മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടും ഏഴിന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്രമഴ പെയ്താലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതല്ലാതെ പ്രളയത്തിനു സാധ്യത കുറവാണെന്നാണു മിക്ക കാലാവസ്ഥാ നിരീക്ഷകരുടെയും നിഗമനം. മണ്‍സൂണ്‍ വിടവാങ്ങിയ ശേഷം ഉണ്ടാകുന്ന ന്യൂനമര്‍ദമായതിനാല്‍ തുടര്‍ച്ചയായ പേമാരിക്കു സാധ്യതയില്ലെന്നും ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍നിന്ന് പെട്ടെന്ന് കേരളം മുക്തമാകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, സംസ്ഥാനത്ത് വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് മഴയുടെയും ന്യൂനമര്‍ദത്തിന്റെയും ശക്തി ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക തെക്കന്‍ ജില്ലകളിലാകും. ന്യൂനമര്‍ദം രൂപപ്പെട്ട ശേഷം ഓഖിയും സാഗറും സഞ്ചരിച്ച പാതയിലാകും ലുബാന്‍ ചുഴലിക്കാറ്റും സഞ്ചരിക്കുകയെന്നതിനാല്‍ കരയേക്കാള്‍ ജാഗ്രത പാലിക്കേണ്ടത് കടലിലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."