HOME
DETAILS
MAL
തള്ളിക്കളഞ്ഞ ഭേദഗതികളുമായി വരേണ്ടതില്ല, സദുദ്ദേശത്തോടെയെങ്കില്‍ ചര്‍ച്ചയാകാമെന്ന് സമരക്കാര്‍
backup
December 24 2020 | 05:12 AM
തങ്ങളുമായി ബന്ധമില്ലാത്തവരെ വിളിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുവെന്നും കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ തങ്ങള്‍ തള്ളിക്കളഞ്ഞ ഭേദഗതികളുമായല്ലാതെ സദുദ്ദേശത്തോടെ സമീപിക്കുകയാണെങ്കില്‍ സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചക്ക് തയാറാണെന്ന് കര്‍ഷക സംഘടനകള്‍.
ഇന്നലെ സിന്‍ഗുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കര്‍ഷക സംഘടനകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചക്കുള്ള സര്‍ക്കാരിന്റെ ക്ഷണത്തിന് മറുപടിയായി തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന കത്ത് കര്‍ഷക സംഘടനകള്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന് നല്‍കി. ഫലപ്രദമായ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഒരുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക നിയമം താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് സുപ്രിംകോടതി തന്നെ ആവശ്യപ്പെട്ടതാണെന്നും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘ് അധ്യക്ഷന്‍ ശിവകുമാര്‍ കാക്ക പറഞ്ഞു.
സമരവുമായി യാതൊരു ബന്ധവുമില്ലാത്ത ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ് സര്‍ക്കാരെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. അതുകൊണ്ടൊന്നും ഫലമുണ്ടാകാന്‍ പോകുന്നില്ലെന്നും യോഗേന്ദ്രയാദവ് പറഞ്ഞു.
ചര്‍ച്ചകള്‍ പരമാവധി വൈകിപ്പിച്ച് കര്‍ഷകരുടെ ആത്മവീര്യം കെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ സര്‍ക്കാരിന് തങ്ങള്‍ മുന്നറിയിപ്പു നല്‍കുകയാണെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് യുദ്ധവീര്‍ സിങ് പറഞ്ഞു.
അതേ സമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശേഖരിച്ച രണ്ടു കോടി ഒപ്പടങ്ങുന്ന നിവേദനം ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."