20ല്‍ 13 ജില്ലകളും പിടിച്ച് ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും
ബി.ജെ.പിക്ക് ആറു ജില്ലകള്‍ മാത്രം
ന്യൂഡല്‍ഹി: ജമ്മു കശ്മിര് ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 20 ജില്ലകളില്‍ 13 എണ്ണവും പിടിച്ച് ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും. ബി.ജെ.പി ആറു ജില്ലകള്‍ പിടിച്ചു. ബി.ജെ.പി പിടിച്ച ജില്ലകളെല്ലാം ജമ്മു മേഖലയിലാണ്.
ഓരോ ജില്ലയിലും 14 സീറ്റുകള്‍ വീതം തിരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ 280 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ 278 സീറ്റുകളിലും ഫലം പ്രഖ്യാപിച്ചു. രണ്ടു സീറ്റുകളില്‍ സ്ഥാനാര്‍ഥികളില്‍ ചിലര്‍ പാക്കധീന കശ്മിരില്‍ നിന്നുള്ളവരായതിനാല്‍ വോട്ടെണ്ണല്‍ വൈകി.
370ാം വകുപ്പ് പുനഃസ്ഥാപിക്കുകയെന്ന ഒറ്റ അജന്‍ഡ മുന്‍നിര്‍ത്തി നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സി.പി.എം തുടങ്ങി ഏഴു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഗുപ്കര്‍ സഖ്യം രൂപീകരിച്ചത്.
സഖ്യം 110 സീറ്റുകള്‍ നേടി. നാഷനല്‍ കോണ്‍ഫറന്‍സ് 67 സീറ്റുകളിലും പി.ഡി.പി 27 സീറ്റുകളിലും പീപ്പിള്‍സ് കോണ്‍ഫറന്‍സ് എട്ടു സീറ്റുകളിലും സി.പി.എം അഞ്ചു സീറ്റുകളിലും പീപ്പിള്‍സ് മൂവ്മെന്റ് മൂന്ന് സീറ്റുകളിലും വിജയിച്ചു. നേരിട്ട് സഖ്യത്തിന്റെ ഭാഗമാകാതിരുന്ന കോണ്‍ഗ്രസ് 26 സീറ്റുകള്‍ നേടി. 75 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഇതില്‍ 72 സീറ്റുകളും അവരുടെ ശക്തി കേന്ദ്രമായ ജമ്മു മേഖലയിലാണ്.
കശ്മിര് മേഖലയിലെ ശ്രീനഗര്‍, ബന്ദിപുര, പുല്‍വാമ മേഖലകളില്‍ ഓരോ സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. അതേ സമയം ജമ്മു മേഖലയില്‍ നാഷനല്‍ കോണ്‍ഫറന്‍സ് 25 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 10 സീറ്റിലും പി.ഡി.പി ഒരു സീറ്റിലും ജമ്മു മേഖലയില്‍ വിജയിച്ചു. ഗുപ്കര്‍ സഖ്യം ആകെ 35 സീറ്റുകളാണ് ജമ്മു മേഖലയില്‍ നേടിയത്. പുതുതായി രൂപീകരിച്ച അപ്നി പാര്‍ട്ടി കശ്മിര് മേഖലയില്‍ ഒന്‍പത് സീറ്റിലും ജമ്മുവില്‍ മൂന്ന് സീറ്റിലും വിജയിച്ചു. 49 സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ഇതില്‍ 27 എണ്ണം കശ്മിരിലും ബാക്കി ജമ്മുവിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."