പ്രായമായവരുടെ രോഗം ചെറുപ്പക്കാരിലേക്കും: സന്ധി രോഗം സ്ത്രീകളെ പിടിമുറുക്കുന്നു
കോഴിക്കോട്: കേരളത്തില്‍ സന്ധിരോഗം സ്ത്രീകളെ പിടിമുറുക്കുന്നു. സന്ധികളിലെ തേയ്മാനം നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ളവരേയായിരുന്നു നേരത്തെ പിടികൂടിയിരുന്നതെങ്കില്‍ ഇന്നത് ഇരുപതില്‍ തന്നെ തുടങ്ങുന്നു. രോഗം അപകടം വരുത്തുന്നത് കൂടുതല്‍ പുരുഷന്‍മാരെയാണ്. എന്നാല്‍ തേയ്മാനം കൂടുതലായി സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണ്. ഇരുപത്തിയഞ്ച് വയസിനു മുമ്പുപോലും സ്ത്രീകളെ രോഗം പിടികൂടുന്നു. എന്തുകൊണ്ടാണ് ചെറുപ്രായക്കാരെ പോലും ഈ രോഗം പിടിപെടുന്നതെന്നതിനെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ആര്‍ത്രോസ്‌കോപ്പി സൊസൈറ്റി ഡയരക്ടര്‍ പ്രൊഫ. ഗോപിനാഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇടുപ്പ്, കാല്‍മുട്ട്, കൈമുട്ട്, ഷോള്‍ഡര്‍ എന്നീ സന്ധികളില്‍ ഉണ്ടാകുന്ന വിവിധതരം തകരാറുകള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ ഇന്ന് കേരളത്തിലെ മിക്ക ആശുപത്രികളിലും ലഭ്യമാണെങ്കിലും പലരും തക്ക സമയത്ത് ചികിത്സക്കെത്തുന്നില്ല. ഇത് ദുരിതം ഇരട്ടിയാക്കുന്നു. കൃത്യമായി ചികിത്സ നടത്തിയാല്‍ ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും. എന്നാല്‍ അസുഖം മൂര്‍ച്ഛിക്കുന്നതോടെ രോഗികള്‍ ശയ്യാവലംബികളായി തീരുകയാണ്. രോഗികളുടെ അജ്ഞതയും ഭയവും സാമ്പത്തിക ബുദ്ധിമുട്ടും നൂതന ചികിത്സകള്‍ അപ്രാപ്യമാക്കുന്നുണ്ട്.
ആദ്യകാലങ്ങളില്‍ സംസ്ഥാനത്തിനു പുറത്തുള്ള ചികിത്സയായിരുന്നു ലഭ്യമായിരുന്നത്. ഇത് ചെലവേറിയതുമായിരുന്നു. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗികള്‍ ചികിത്സ മതിയാക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ രോഗ കാരണങ്ങളെക്കുറിച്ചും ചികിത്സാ രീതിയിലെ പരീക്ഷണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട്ട് വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് പ്രൊഫ. ഗോപിനാഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."