ശബരിമല: തിരക്കിട്ട് വിധി നടപ്പിലാക്കരുതെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി ധൃതിപിടിച്ച് നടപ്പാക്കരുതെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിധിക്കെതിരേ സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചിലപ്പോള്‍ വിശ്വാസത്തെയും ജനഹിതത്തേയും മാനിക്കാതിരിക്കാനാവില്ല. വിധി വേഗത്തില്‍ നടപ്പാക്കുമെന്ന പിണറായിയുടെ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.
രാജ്യത്തെ നിയമത്തില്‍ പോരായ്മകളുണ്ടെങ്കില്‍ അതു തിരുത്തേണ്ടതു നിയമസഭയും പാര്‍ലമെന്റുമാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് ലീഗ്. ജനഹിതവും വിശ്വാസവും മാനിക്കാതിരിക്കാന്‍ പറ്റില്ല. ഇത് നാളെ മറ്റ് മതവിശ്വാസികള്‍ക്കും വരാവുന്ന കാര്യമാണ്. കോടതി വിധിയേക്കാള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിലയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഒളിച്ചുകളി പല സംശയങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന് തെറ്റിദ്ധരിച്ചാലും കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. യു.ഡി.എഫ് കൂട്ടായി നിലപാട് എടുക്കേണ്ടതുണ്ട്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനിക്കണം. ബ്രൂവറി ഇടപാട് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."