100 കുളം 50 ദിനം പദ്ധതി: 139 കുളങ്ങള്‍ വൃത്തിയാക്കി
കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ 100 കുളം 50 ദിനം പദ്ധതി 139 കുളങ്ങള്‍ വൃത്തിയാക്കി. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 കുളങ്ങളാണ് വൃത്തിയാക്കിയത്. ഐക്കരനാട് പുത്തന്‍ചിറ കുളം, കൊച്ചി രാമേശ്വരം ക്ഷേത്ര കുളം, പായിപ്ര പുളിനാട് ചിറ, പാമ്പാക്കുട വെങ്കലത്തു ചാല്‍ കുളം എന്നീ നാലു കുളങ്ങളുടെ ശുചീകരണം ആരംഭിച്ചു. ഇന്ന് ഇവയുടെ ശുചീകരണം പൂര്‍ത്തിയാക്കും.
കൂടാതെ, പൂതൃക്ക കുഴിക്കാട്ടു ചിറ, പെരുമ്പാവൂര്‍ താലൂക്കിനു സമീപത്തെ കുളം, അയ്യമ്പുഴ കുറ്റിപ്പാറ കുളം, കരക്കാട് കുളം, കോട്ടപ്പടി പുത്തന്‍ കുളം, വടക്കേക്കര വലിയവീട്ടില്‍ ക്ഷേത്രം കുളം, പറമ്പേത്തിരിക്കല്‍ കുളം എന്നീ കുളങ്ങളും ഇന്നു ശുചീകരിക്കും. പദ്ധതിയുടെ സമാപന ദിവസമായ മെയ് 30 ന് പുത്തന്‍കുരിശ് വടവുകോട് പന്നിക്കുഴി ചിറ ശുചീകരിക്കും. ജനപ്രതിനിധികള്‍, പ്രാദേശിക വൊളന്റിയര്‍മാര്‍, അന്‍പൊട് കൊച്ചി കുടുംബശ്രീ, തൊഴിലുറപ്പ്, നെഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്.
കുടിവെള്ള വിതരണത്തിനും ജലസേചനത്തിനും കൃഷിക്കും ഉതകുന്ന പുതിയ ജല ഉപഭോഗ സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണവും പുനരുദ്ധാരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്റെ ഭാഗമായി എരണാകുളം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."