ജലവിതരണ പദ്ധതികള്‍ ജലക്ഷാമത്തിന് പരിഹാരമാവില്ല: മന്ത്രി മാത്യു ടി തോമസ്
കോട്ടയം: കോടികള്‍ മുടക്കി ആരംഭിക്കുന്ന ജല വിതരണ പദ്ധതികള്‍ ജലക്ഷാമത്തിനും വരള്‍ച്ചയ്ക്കും പരിഹാരമാകില്ലെന്ന് കേരളം മനസിലാക്കേണ്ട കാലം അതിക്രമിച്ചതായി മന്ത്രി മാത്യു ടി തോമസ് . കാഞ്ഞിരപ്പള്ളി-എരുമേലി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് മണിമലയാറ്റില്‍ കരിമ്പുകയത്ത് നിര്‍മിച്ച ചെക്ക് ഡാമിന്റെയും കോസ്‌വേയുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല സ്രോതസുകളില്‍ ജലമുണ്ടായാല്‍ മാത്രമേ ജലവിതരണ പദ്ധതികള്‍കൊണ്ട് പ്രയോജനമുണ്ടാകുകയുള്ളൂ. ഈ വസ്തുത കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജ്ജനം, മണ്ണു സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കൃഷിയുടെ പുനരുജ്ജീവനം തുടങ്ങിയവ ലക്ഷ്യമിട്ട് ഹരിതകേരള മിഷന് തുടക്കമിട്ടതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ അധ്യക്ഷനായി. പി.സി ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ചെക്ക് ഡാം ഷട്ടറുകളുടെ താക്കോല്‍ ദാനം ജില്ലാ കലക്ടര്‍ സി.എ ലത നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.എ. ജോഷി സ്വാഗതവും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡോ. കെ.ജെ. ജോര്‍ജ് നന്ദിയും പറഞ്ഞു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ രഞ്ചി പി. കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."