പനിക്കിടക്കയില്‍ നാടു വിറയ്ക്കുന്നു
നാടും നഗരവും പനിച്ചു വിറക്കുകയാണ്. പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ഈ മാസം മാത്രം ജില്ലയിലെ ആശുപത്രികളില്‍ 5250 പേര്‍ പനി ചികിത്സക്കു മാത്രമായി എത്തി. ദിനംപ്രതി ശരാശി 150 പേരാണ് ജില്ലയിലെ ആശുപത്രികളിലേക്കു പനിയുമായെത്തുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളത്. സ്വകാര്യാശുപത്രികളിലെ കണക്കു കൂടി ചേര്‍ത്താല്‍ ചുരുങ്ങിയത് ഒരു മാസത്തില്‍ എണ്ണായിരത്തോളം പേര്‍ പനി ബാധിച്ചു ചികിത്സ തേടുന്നുണ്ടെന്നു വ്യക്തം.
ജില്ലയുടെ മലയോര മേഖലകളിലാണു കൂടുതല്‍ പേരെ പനി ബാധിച്ചിരിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളിലും മറ്റുമാണ് പനിബാധ കൂടുതല്‍. പനി ഗുരുതരമായി ബാധിച്ചു ജില്ലയിലെ നിരവധി പേരെ മംഗളൂരുവിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
അതിയായ തലവേദന, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള പനിയുമായാണു കൂടുതല്‍ പേരും ആശുപത്രിയിലെത്തുന്നത്.
ആവശ്യത്തിനു ചികിത്സാ
സൗകര്യമില്ലാതെ മലയോരം
രാജപുരം: പനിയെ തുടര്‍ന്ന് ദിനംപ്രതി മലയോരത്ത് ഇരുനൂറിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ മിക്ക പ്രാഥമികാശുപത്രികളിലും കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ രോഗികള്‍ ദുരിതം തിന്നുകയാണ്. പൂടംകല്ല് സി.എച്ച്.സിയില്‍ രാത്രികാല ചികിത്സാ സൗകര്യം ഇല്ലെന്ന പരാതി ഉയരുമ്പോള്‍ പാണത്തൂര്‍ പി. എച്ച്.സിയില്‍ കിടത്തിച്ചികിത്സാ സൗകര്യം നിലച്ചിട്ടു നാളുകളേറെയായി.
പൂടംകല്ലില്‍ ഒന്‍പതു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാലോ അഞ്ചോ പേരുടെ സേവനം മാത്രമേ കിട്ടുന്നുള്ളൂ. ഇവിടെ രാത്രി കാലത്തും ഡോക്ടര്‍മാരുടെ സേവനം വേണമെന്ന ആവശ്യം വ്യാപകമായപ്പോള്‍ ഒരു ഡോക്ടറെ രാത്രികാല ഡ്യൂട്ടിക്കു നിയോഗിച്ചു. എന്നാല്‍ വര്‍ക്ക് അറെയ്ഞ്ച്‌മെന്റിന്റെ പേരില്‍ ഡോക്ടര്‍മാരെ മാറ്റിയപ്പോള്‍ രാത്രികാല സേവനവും നിലച്ചു.
മലയോരം പനിച്ചു വിറക്കുന്ന സാഹചര്യത്തിലാണ് ഈ ദുരവസ്ഥ. പാണത്തൂരില്‍ നേരത്തെ കിടത്തി ചികിത്സ ഉണ്ടായിരുന്നുവെങ്കിലും പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചതോടെയാണു കിടത്തിച്ചികിത്സാ സൗകര്യം നിലച്ചത്.
നീലേശ്വരത്ത് മലേറിയയും
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രി, കരിന്തളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ പരിധിയില്‍ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കൂടുതലായും വൈറല്‍ പനി ബാധിച്ചവരാണു ചികിത്സയ്‌ക്കെത്തുന്നത്.
പനിയോടൊപ്പം നീലേശ്വരത്ത് മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ മാസം 150 പനിബാധിതരാണു ചികിത്സയ്‌ക്കെത്തിയത്. എന്നാല്‍ ഈ മാസം ഇതു വരെയായി 300 രോഗികള്‍ പനിക്കു ചികിത്സ തേടി എത്തിയിട്ടുണ്ട്.
നീലേശ്വരം പാലക്കാട്ട് ഒരു മലേറിയ കേസും പുതുക്കൈ, ബിരിക്കുളം എന്നിവിടങ്ങളില്‍ ഓരോ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്.
ആവശ്യത്തിനു മരുന്നുകളുമുണ്ട്. പനി ബാധിതരുടെ എണ്ണം വല്ലാതെ കൂടിയാല്‍ പനി ക്ലിനിക്ക് തുടങ്ങുന്ന കാര്യം ആലോചിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് പറഞ്ഞു.
എച്ച് വണ്‍ എന്‍ വണ്ണും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു
പനിയുമായി എത്തുന്നവര്‍ക്കു നല്‍കാനുള്ള മരുന്നുകള്‍ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റോക്കുണ്ടെങ്കിലും കിടത്തിച്ചികിത്സക്കു ബുദ്ധിമുട്ട് നേരിടുന്നുണ്ട്
തൃക്കരിപ്പൂര്‍: മെയ് ഒന്നു മുതല്‍ 25 വരെ തൃക്കരിപ്പൂര്‍ താലൂക്കാശുപത്രിയില്‍ മാത്രം 163 പനിബാധിതര്‍ ചികിത്സ തേടിയെത്തി. ഇതില്‍ ഒരു ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിയുമായി എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള മരുന്നുകള്‍ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റോക്കുണ്ടെങ്കിലും കിടത്തിച്ചികിത്സക്കു ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിലവില്‍ വരാന്തയിലും മറ്റും കിടത്തിയാണു രോഗികളെ ചികിത്സിക്കുന്നത്.
തൃക്കരിപ്പൂരിലും പരിസര പഞ്ചായത്തുകളിലും ദിവസവും 350നും 400നുമിടയിലാണ് പനി പിടിച്ചവരും അല്ലാത്തവരുമായ രോഗികള്‍ ഒ.പിയിലെത്തുന്നത്. ജില്ലയില്‍ പനി ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതു തൃക്കരിപ്പൂരിലാണ്. തൃക്കരിപ്പൂരില്‍ ഒന്നു വീതം എച്ച് വണ്‍ എന്‍ വണ്ണും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ രണ്ടും ജില്ലക്ക് പുറത്തു നിന്നു പനിയുമായി എത്തിയവര്‍ക്കാണ്.
മഴക്കാലം എത്തുന്നതോടെ കടലോരത്ത് പനിക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ.്
ഡെങ്കിപ്പനി ഭീതിയില്‍ ജില്ല
കാലവര്‍ഷം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും ജില്ല ഇപ്പോഴേ തന്നെ ഡെങ്കിപ്പനി ഭീതിയിലാണ്. ജില്ലയില്‍ 84 പേര്‍ 30 ദിവസത്തിനിടെ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 24 പേര്‍ക്കു ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു.
ബാക്കിയുള്ളവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഡെങ്കിപ്പനി ജില്ലയില്‍ ഭീതി വിതക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."