മോഷണക്കുറ്റമാരോപിച്ച് എട്ടു വയസുകാരനെ കെട്ടിയിട്ട് മര്‍ദിച്ചയാള്‍ ഖത്തറിലേക്ക് കടന്നു
പൊന്നാനി: മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിരപരാധിയായ എട്ടുവയസുകാരനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി അമ്പലത്ത് വീട്ടില്‍ മശ്ഹൂഖ് ഖത്തറിലേക്ക് കടന്നു. കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ ഇയാള്‍ വിദേശത്തേക്ക് കടന്നത്. പൊന്നാനി പൊലിസില്‍ കുട്ടിയുടെ മാതാവ് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെപൊലിസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ മുസമ്മലിനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളിയങ്കോട് തണ്ണിത്തുറ പടിഞ്ഞാറ് ഭാഗത്താണ് സംഭവം. മദ്‌റസയില്‍ പോകുകയായിരുന്ന ഒരു കൂട്ടം കുട്ടികള്‍ പോകുന്ന വഴിയിലെ വീട്ടില്‍ വളര്‍ത്തു മത്സ്യങ്ങളെ കാണാന്‍ പോയിരുന്നു. ചില കുട്ടികള്‍ കളര്‍ മത്സ്യങ്ങളെ എടുക്കുകയും ചെയ്തു.ഇതിനിടയില്‍ വീട്ടുടമസ്ഥന്‍ വന്നപ്പോള്‍ മത്സ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു. എന്താണ് കാര്യമെന്തെന്നറിയാത്ത മുസമ്മില്‍ ഓടിയതുമില്ല. ഇതോടെ വീട്ടുടമ ഈ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
വൈകിട്ട് കുളിക്കാന്‍ മടി കാണിച്ച കുട്ടിയെ വീട്ടുകാര്‍ കുളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ശരീരമാസകലം അടിയേറ്റ പാടുകള്‍ കണ്ടത്.
ഇതോടെയാണ് കുട്ടി നടന്ന സംഭവങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുന്നത്.തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു.
രാഷ്ട്രീയ വിരോധമാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് കുട്ടിയുടെ മാതാവ് സമീന ആരോപിച്ചു.ഇത് സംബന്ധമായ വാര്‍ത്ത വന്നതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.തുടര്‍ന്നാണ് പരാതി പൊന്നാനി പൊലിസിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."