ഒരു വര്‍ഷത്തിനിടെ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കി: മന്ത്രി മണി
കാസര്‍കോട്: ഒരു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്്ഷന്‍ നല്‍കിയെന്ന് മന്ത്രി എം.എം മണി. ഇതില്‍ ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കിയത് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോടിനെ സമ്പൂര്‍ണ വൈദ്യുതികരണ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദുമ-പാലക്കുന്ന് അംബികാ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദ്യുതിയുടെ വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ വൈദ്യുത പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ്.
ജല വൈദ്യുത പദ്ധതികള്‍ ചെലവു കുറഞ്ഞതാണ്. എന്നാല്‍ അതിരപ്പള്ളി പോലുള്ള പദ്ധതികള്‍ അഭിപ്രായ ഭിന്നതകളുള്ളതുകൊണ്ട് സമവായത്തിലെത്തണം. പള്ളിവാസല്‍ പോലെ നിന്നുപോയ പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മറ്റുചെറുകിട പദ്ധതികളും ആരംഭിക്കും. അതുപോലെ സോളാര്‍, കാറ്റാടി, കല്‍ക്കരി എന്നിവയില്‍ നിന്നൊക്കെ എങ്ങനെ വൈദ്യുതി കണ്ടെത്താമെന്നതിനെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
കാറ്റാടി യന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 8140 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനകം വൈദ്യുതി നല്‍കി. എട്ടുകോടി രൂപ ചെലവിലാണു വൈദ്യുതീകരിച്ചത്. ഇതില്‍ 85 ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. ഹൊസ്ദുര്‍ഗ്- 2506, ഉദുമ- 2332, തൃക്കരിപ്പൂര്‍- 1436, മഞ്ചേശ്വരം- 1028, കാസര്‍കോട്- 886 എന്നിങ്ങനെയാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. 1300 പട്ടികവര്‍ഗ കുടുംബത്തിനും 1100 പട്ടികജാതി കുടുംബത്തിനും വൈദ്യുതിയെത്തിച്ചു. ഗുണ്ടല്‍പേട്ടയില്‍നിന്ന് 2000 വൈദ്യുതി തൂണുകളെത്തിച്ചാണ് വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്.
പി.കരുണാകരന്‍ എം.പി അധ്യക്ഷനായി. എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാല്‍, കെ. കുഞ്ഞിരാമന്‍, കെ.എസ്.ഇ.ബി ഡയരക്ടര്‍ ഡോ. വി. ശിവദാസന്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, കാസര്‍കോട് നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ അധ്യക്ഷന്‍ പ്രൊഫ. കെ.പി ജയരാജന്‍, ജനപ്രതിനിധികളായ എ.കെ.എം അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഓമനാ രാമചന്ദ്രന്‍, ഗൗരിക്കുട്ടി, വി.പി ജാനകി, പി. രാജന്‍, കെ.എ മുഹമ്മദലി, ഷാനവാസ് പാദൂര്‍, അന്‍വര്‍ മാങ്ങാട്, എന്‍. ചന്ദ്രന്‍, പി. ശ്രീകുമാര്‍ സംസാരിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലും സമ്പൂര്‍ണ വൈദ്യുതികരണം പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."