ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കൊയിലാണ്ടിയില്‍ ജാഗ്രതാ യോഗം ചേര്‍ന്നു
കൊയിലാണ്ടി: കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടിയന്തര മുന്‍കരുതല്‍ ജാഗ്രതാ യോഗം ചേര്‍ന്നു. തീരദേശനിവാസികള്‍, മത്സ്യതൊഴിലാളികള്‍, നഗരസഭാംഗങ്ങള്‍, തീരദേശത്തെ വിവിധ സംഘടനകള്‍ എന്നവര്‍ പങ്കെടുത്തു. നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനീഷ് കുമാര്‍, ഫിഷറീസ് ഓഫിസര്‍ ശ്യാംചന്ദ്, ഫയര്‍ ഏന്റ് റെസ്‌ക്യു ഓഫിസര്‍ സി.കെ. ആനന്ദന്‍, പൊലിസ് എ.എസ്.ഐ. സുലൈമാന്‍, നഗരസഭാംഗങ്ങളായ എന്‍.കെ ഭാസ്‌കരന്‍, ദിവ്യ സെല്‍വരാജ്, കെ. വിജയന്‍, കെ.വി. സുരേഷ് സംസാരിച്ചു.
തീരദേശ നഗരസഭാംഗങ്ങളുടെ നേതൃത്വത്തില്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയവരുടെയും തിരിച്ചുവന്നവരുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക, മുന്നറിയിപ്പുകള്‍ പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ക്ഷേത്ര കമ്മിറ്റി, മഹല്ല് കമ്മിറ്റി, അരയസമാജം എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, രാത്രികാലങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനം ഉറപ്പു വരുത്തുക, ദുരിതാശ്വാസ ക്യാംപുകളുടെ സ്ഥാനങ്ങള്‍ മുന്‍കൂട്ടി കൃത്യമായി നിശ്ചയിക്കുക, അവശ്യഘട്ടത്തിലേക്കു വേണ്ട ഭക്ഷണസാധനങ്ങളും സാമഗ്രികളും ശേഖരിച്ചുവയ്ക്കുക, അപകടത്തില്‍പെടുന്നവരെ രക്ഷിക്കാനാവശ്യമായ ലൈഫ് ജാക്കറ്റുകളും മറ്റും കൃത്യമായ ഇടത്തില്‍ സൂക്ഷിക്കുക, അപകടസാധ്യതയില്‍ ആശങ്കയുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും സുരക്ഷാകിറ്റുകള്‍ സൂക്ഷിക്കുക, അവശ്യവസ്ത്രങ്ങള്‍ ഉറപ്പു വരുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."