കെ.പി നൂറുദീന്‍ വിസ്മരിക്കാനാവാത്ത മാതൃകാരാഷ്ട്രീയക്കാരന്‍: എ.കെ ആന്റണി
കണ്ണൂര്‍: പൊതുപ്രവര്‍ത്തകര്‍ക്കു വിസ്മരിക്കാന്‍ കഴിയാത്ത മാതൃകാരാഷ്ട്രീയക്കാരനായിരുന്നു മുന്‍മന്ത്രി കെ.പി നൂറുദീനെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കലര്‍പ്പില്ലാത്ത മതേതരവാദിയും പാര്‍ട്ടിയുടെ വിശ്വസ്തനുമായിരുന്നു നൂറുദീനെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച കെ.പി നൂറുദീന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. അഞ്ചുവര്‍ഷം വനംമന്ത്രിയായിരുന്നിട്ടും എതിരാളികള്‍ക്കു പോലും നൂറുദീനെതിരേ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. പലരും സ്ഥാനത്തിരിക്കുമ്പോള്‍ പാര്‍ട്ടിക്കുവേണ്ടി പല പ്രഖ്യാപനങ്ങളും നടത്താറുണ്ട്. എന്നാല്‍ സ്ഥാനം പോയാല്‍ ഇതെല്ലാം വിസ്മരിക്കുന്നതാണു നേതാക്കളുടെ രീതി. അവിടെയാണു നൂറുദീനെന്ന പത്തരമാറ്റിന്റെ വില പുതുതലമുറ തിരിച്ചറിയേണ്ടത്. അമ്പതുവര്‍ഷക്കാലം സഹോദരതുല്യമായ സൗഹാര്‍ദമായിരുന്നു നൂറുദീനുമായി തനിക്കുണ്ടായിരുന്നത്. 1977ല്‍ മുഖ്യമന്ത്രിയാകുന്നു വരെയുള്ള അഞ്ചുവര്‍ഷക്കാലം എറണാകുളത്തെ വാടക വീട്ടില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന അനുഭവവും ആന്റണി പങ്കുവച്ചു.
സതീശന്‍ പാച്ചേനി അധ്യക്ഷനായി. മുന്‍ മന്ത്രിമാരായ കെ. സുധാകരന്‍, കെ.സി ജോസഫ്, പി. രാമകൃഷ്ണന്‍, വി.എ നാരായണന്‍, സുമാ ബാലകൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സജീവ് ജോസഫ്, എ.ഡി മുസ്തഫ, കെ. സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, എ.പി അബ്ദുല്ലക്കുട്ടി, സോണി സെബാസ്റ്റിയന്‍, ചാക്കോ പാലക്കലോടി, എം. നാരായണന്‍കുട്ടി, സജീവ് മാറോളി, മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി പുരുഷോത്തമന്‍, എം.പി മുരളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."