ജിദ്ദയില്‍ താമസസ്ഥലത്ത് വന്‍ തീപിടിത്തം; മൂന്നു മലയാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ജിദ്ദയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉറക്കത്തിനിടെ പുലര്‍ച്ചെ 2.30ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. വാഷിങ് മെഷീന്‍ ഘടിപ്പിച്ച പ്ലഗ്ഗില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടരുകയായിരുന്നു.
കോഴിക്കോട് കാരപറമ്പ് സ്വദേശി സഹീര്‍, ചെറൂപ്പ സ്വദേശി അബൂബക്കര്‍, കാന്തപുരം സ്വദേശി ഹര്‍ഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ജിദ്ദയിലെ ജാമിഅയില്‍ സക്കര്‍ തെരുവിലെ ഒരു കെട്ടിടത്തിലായിരുന്നു ഇവരുടെ താമസം. ഭാഗ്യംകൊണ്ട് മാത്രം മരണം വഴിമാറിയ വന്‍ ദുരന്തത്തിന്റെ ഞെട്ടലിലാണിപ്പോഴും മൂവരും.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കത്തിനിടെ ഞെട്ടിയുണര്‍ന്ന ഹര്‍ഷാദാണ് ആദ്യം തീ രണ്ട് റൂമുകളെയും വിഴുങ്ങുന്നത് കണ്ടത്. ഉടന്‍ മറ്റുള്ളവരെ വിളിച്ചുണര്‍ത്തി. മൂവരും റൂമില്‍നിന്നു പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. അല്‍പം കൂടി താമസിച്ചായിരുന്നു എണീറ്റിരുന്നതെങ്കില്‍ മൂന്ന് പേരും തീയിലകപ്പെടുമായിരുന്നു.
തീപിടിത്തത്തില്‍ ഇവരുടെ രണ്ട് പാസ്‌പോര്‍ട്ടുകള്‍, ഒരു ഇഖാമ, മൂന്ന് ലാപ്‌ടോപ്പ്, നാല് സ്മാര്‍ട്ട് ഫോണ്‍, ഇഖാമ പുതുക്കാന്‍ സ്വരൂപ്പിച്ച്‌വച്ച 8,500 റിയാല്‍, ടി.വി, വാഷിങ് മെഷീന്‍, രണ്ട് എ.സി, മറ്റു വീട്ടുസാധനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാം കത്തിനശിച്ചു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ പുറത്തേക്ക് വിളിക്കാനായില്ല.
തുടര്‍ന്ന് തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരനായ പാകിസ്താന്‍ പൗരനെ വിവരമറിയിച്ചു. അയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ 12 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അരമണിക്കൂര്‍ ശ്രമിച്ചാണ് തീയണച്ചത്. ഇതിനാല്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു. മൂന്നു പേരും നാലുവര്‍ഷമായി ജിദ്ദയില്‍ താമസിച്ചു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."