ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് അപേക്ഷ തള്ളിയത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച: ഇ.ടി
മലപ്പുറം: ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള ഐ.ഡി.എം.ഐ ഗ്രാന്റ് അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളിയത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചമൂലമെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സര്‍ക്കാരിന്റെ വീഴ്ചകാരണം നാലുവര്‍ഷം മുടങ്ങിയ ഗ്രാന്റ് ഈ വര്‍ഷം മുതല്‍ ലഭിച്ചു തുടങ്ങിയിരുന്നു. മുഴുവന്‍ സംസ്ഥാനങ്ങളും കൃത്യസമയത്ത് അപേക്ഷാ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിച്ചപ്പോള്‍ കേരളം അവസാന സമയത്തുമാത്രമാണ് ഈ വിവരം അറിയിച്ചത്.
കുറഞ്ഞ സമയത്തിനുള്ളില്‍ മതിയായ രേഖകള്‍ ഉള്‍പ്പെടുത്തിയും അല്ലാതെയും കുറഞ്ഞ അപേക്ഷകള്‍ മാത്രമാണ് ഇത്തവണ കേരളം നല്‍കിയത്. ഈ അപേക്ഷകളാവട്ടെ നേരത്തേ ഗ്രാന്റ് ലഭിച്ച സ്ഥാപനങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിച്ച ആദ്യഘട്ട തുകയുടെ കണക്കു വിവരങ്ങള്‍ ലഭ്യമാക്കിയില്ലെന്നു പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ അവസരം കാത്തിരിക്കുന്ന കേന്ദ്രസര്‍ക്കാരിന് ചൂട്ടുപിടിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ എന്നു പറയുകയും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഉള്‍പ്പെടെ തടയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. കേരളത്തിന്റെ കൊള്ളരുതായ്മ കൊണ്ടുമാത്രമാണ് ഐ.ഡി.എം.ഐ ഗ്രാന്റ് നഷ്ടമായതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകാരണം കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളിയതായി സൂചിപ്പിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ടിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."