ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍
നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് മഹാശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലായ തിരുവനന്തപുരം കിളിമാനൂര്‍ പുല്ലയി തെങ്ങുവിളവീട്ടില്‍ എസ്.എസ്. മോഹന്‍കുമാറിനെ(38) അറസ്റ്റ് രേഖപ്പെടുത്തി. റമദാന്‍ കാലത്ത് സാമുദായിക കലാപം ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയാണ് ഇതോടെ പരാജയപ്പെട്ടത്.
ശനിയാഴ്ച ഇയാളെ മമ്പാട് പൊങ്ങല്ലൂരിലെ വാടകവീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍, കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇയാളുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ കണ്ട് ആളുകള്‍ ബന്ധപ്പെട്ടപ്പോഴാണ് യഥാര്‍ഥ വിലാസവും പേരും തിരിച്ചറിഞ്ഞത്. 2006ല്‍ കിളിമാനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കമലാക്ഷി എന്ന സ്ത്രീയെ കൊലപ്പെടുത്തി പാറക്കോട് ക്ഷേത്രക്കുളത്തിലിട്ട കേസില്‍ പ്രതിയാണ് മോഹന്‍കുമാര്‍.
തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കോട്ടയത്തും എറണാകുളത്തും കുറച്ചുകാലം താമസിച്ചു. തുടര്‍ന്ന് മലപ്പുറത്ത് നിര്‍മാണ തൊഴിലാളിയായി കഴിഞ്ഞുവരികയായിരുന്നു. നാലുമാസം മുന്‍പ് വാണിയമ്പലത്തുള്ള ബാണാപുരം ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലിനു നാശനഷ്ടം വരുത്തിയ സംഭവത്തിനു പിന്നിലും ഇയാളായിരുന്നു. രണ്ടു ക്ഷേത്രങ്ങളിലും ഇയാളുടെ വിരലടയാളം പതിഞ്ഞിരുന്നു.
2008ല്‍ നിലമ്പൂരില്‍ വാക്കേറ്റത്തെ തുടര്‍ന്ന് പൊലിസിനെ ആക്രമിച്ച കേസില്‍ ആറുമാസം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൂജാരിമാരോടും ക്ഷേത്രങ്ങളോടും ഉള്ള കടുത്ത വിരോധമാണ് കൃത്യത്തിനു പിന്നിലെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇത് പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. മതസ്പര്‍ധ സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തു. റമദാന്‍ ഒന്നായ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഹന്‍കുമാര്‍ ക്ഷേത്ര ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന് ശ്രീകോവിലിനുള്ളിലെ ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹം തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.മോഹനചന്ദ്രന്‍, വണ്ടൂര്‍ സി.ഐ എ.ജെ.ജോണ്‍സണ്‍, നിലമ്പൂര്‍ സി.ഐ കെ.എം.ദേവസ്യ, എടക്കര സി.ഐ സന്തോഷ്, എസ്.ഐമാരായ ജോതിന്ദ്രകുമാര്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ടി.പി.ശിവദാസന്‍ തുടങ്ങിയവരാണു അന്വേഷണ സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."