നിസാന് മുന്നില്‍ വാതില്‍തുറന്ന് സര്‍ക്കാര്‍, ആവശ്യങ്ങളെല്ലാം അംഗീകരിച്ചു
തിരുവനന്തപുരം: ജപ്പാന്‍ കമ്പനിയായ നിസാന് മുന്നില്‍ വാതിലുകള്‍തുറന്ന് സര്‍ക്കാര്‍. നിസാന്‍ കമ്പനി ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ തീര്‍പ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരുമായി ബന്ധപ്പെടാന്‍ പ്രത്യേക സംവിധാനം വേണമെന്ന കമ്പനിയുടെ ആവശ്യപ്രകാരം വ്യവസായ വാണിജ്യ ഡയരക്ടര്‍ കെ. ബിജു ഐ.എ.എസിനെ ഇടനിലക്കാരനായി സര്‍ക്കാര്‍ നിയമിച്ചു. നിസാന്‍ കമ്പനിക്ക് ഏത് ആവശ്യത്തിനും ഈ ഓഫിസറെ ബന്ധപ്പെടാം. കമ്പനി വിപുലീകരിക്കുന്നതിന് ടെക്‌നോപാര്‍ക്കിന് പുറമെ കിന്‍ഫ്രയില്‍ സ്ഥലംവേണമെന്ന് നിസാന്‍ ആവശ്യപ്പെട്ടിരുന്നു. ടെക്‌നോപാര്‍ക്കിലെ വ്യവസ്ഥകളോടെ കിന്‍ഫ്രയിലും സ്ഥലംവേണമെന്ന അവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. നിസാനും കിന്‍ഫ്രയും തമ്മിലുള്ള ഏകോപനവും കെ. ബിജുവിനായിരിക്കും.
ഇന്‍ഫോസിസിന്റെ പക്കലുള്ള സ്ഥലം നിസാന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ഈ കരാറില്‍ സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് അനുവദിക്കും. ആറ്റിപ്ര വില്ലേജിലെ കാംപസ് രണ്ടില്‍ സ്ഥലം നല്‍കാനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ട്.നിസാന്‍ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഒരുപ്രദേശത്ത് വരുമ്പോള്‍ അവിടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കും സേവനമേഖലകള്‍ക്കും വലിയ മുന്നേറ്റമാണുണ്ടാവുക.
ഐ.ടി, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില്‍ തിരുവനന്തപുരത്തെ മുന്‍നിരയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ഉതകുന്ന ഹോട്ടലുകള്‍, അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികള്‍, മികച്ച സ്‌കൂള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ഗതാഗത സംവിധാനം, മാലിന്യ സംസ്‌കരണം എന്നിങ്ങനെയുള്ള കാര്യങ്ങളും കമ്പനിയുടെ ആവശ്യത്തില്‍പ്പെട്ടതാണ്. ഇക്കാര്യം ഗൗരവമായി പരിശോധിക്കുന്നതിനും പരിഗണിക്കുന്നതിനും ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്പനി തുടക്കത്തില്‍ ഉന്നയിച്ചിരുന്ന വിമാനത്താവള കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു. പാര്‍ലമെന്റ് സെഷന് ശേഷം തിരുവനന്തപുരത്ത് വിമാനത്താവള കമ്പനികളുടെ യോഗം ചേരും. അതിന്റെ തിയതി നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."