സൂര്യോദയനിയമത്തിന്റെ അസ്തമയം
'സൂര്യപ്രകാശം ഏറ്റവും നല്ല അണുനാശിനിയും വൈദ്യതി വെളിച്ചം ഏറ്റവും കാര്യക്ഷമതയുള്ള പൊലിസുകാരനുമാണ് എന്നതു പോലെ, സാമൂഹികവും വ്യാവസായികവുമായ രോഗങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്ന് സ്പഷ്ടത(സുതാര്യത)യാണ്.' -അമേരിക്കന്‍ സുപ്രിം കോടതിയിലെ വിഖ്യാതനായ ന്യായാധിപന്‍ ലൂയിസ് ബ്രാന്‍ഡെയ്‌സ് പ്രസ്താവിച്ചതാണിത്. ഭരണകൂടത്തിന്റെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും പരമാവധി കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് സുതാര്യത. നല്ല ഭരണത്തിന്റെ മുഖമുദ്രയായി വര്‍ത്തമാന കാലത്ത് വ്യവഹരിക്കപ്പെടുന്ന സൂചകപദമാണ് സുതാര്യത. ഇന്ത്യയില്‍ പൊതുഭരണമേഖലയില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാനായി നിര്‍മിക്കപ്പെട്ട വിപ്ലവാത്മകമായ ഒരു നിയമമായിരുന്നു 2005ലെ വിവരാവകാശ നിയമം.
അരുണ റോയ് നേതൃത്വം നല്‍കിയ മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ എന്ന പൗര സംഘടനയുടെ നിരന്തരമായ പ്രവര്‍ത്തന ഫലമായാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഇന്ത്യയിലെ സൂര്യോദയ നിയമം (സണ്‍ റൈസ് ആക്ട്) എന്നാണ് വിവരാവകാശ നിയമം അറിയപ്പെടുന്നത്. ഇരുളടഞ്ഞ, അഴിമതിയുടെ വിഷാണുക്കള്‍ പെറ്റുപെരുകുന്ന ബ്യൂറോക്രസിയുടെ ഉള്ളറകളിലേക്ക് സുതാര്യതയുടെ സൂര്യവെളിച്ചം തൂവിയ ജനാനുകൂലമായ ഒരു നിയമമായിരുന്നു വിവരാവകാശ നിയമം.
പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്തബോധവും കൊണ്ടുവരാനുള്ള ഈ നിയമം കാര്യക്ഷമമായി നടപ്പിലാക്കാന്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ കമ്മിഷനുകളെ നിയമം വിഭാവനം ചെയ്യുന്നു. യൂനിയന്‍ ഓഫ് ഇന്ത്യയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും(2002) തമ്മിലുള്ള കേസില്‍ പൊതുവിഷയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നേടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19 (1) എ പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. ഈ അവകാശത്തിനു പ്രായോഗികമായ ഒരു ചട്ടക്കൂടുണ്ടാക്കി എന്നതാണ് വിവരാവകാശ നിയമത്തിന്റെ പ്രസക്തി.
കാര്യക്ഷമമായ ഒരു നിര്‍വഹണ സംവിധാനം ഇല്ലെങ്കില്‍ ഏതൊരു നിയമവും ഏട്ടിലെ പശുവായി മാറും. ഇത്തരം ദുര്യോഗം ഇല്ലാതാക്കാനാണ് സ്വതന്ത്രമായ വിവരാവകാശ കമ്മിഷനുകള്‍ നിയമം വിഭാവന ചെയ്തത്. ഭരണകൂടം വിവരം നല്‍കാന്‍ മടികാണിച്ചാല്‍ നിയമത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിച്ച് ഭരണകൂടത്തിനും പൗരനുമിടയില്‍ ന്യായവിചാരം ചെയ്യുക എന്നതാണ് വിവരാവകാശ കമ്മിഷനുകളുടെ ധര്‍മം. വിവരാവകാശ നിയമത്തിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ കമ്മിഷനുകള്‍ പ്രവര്‍ത്തിക്കണം. ജനപക്ഷത്ത് നിലയുറപ്പിച്ച് ഭരണകൂട അതാര്യതയെ പ്രതിരോധിക്കുക എന്ന സുപ്രധാന ധര്‍മം കമ്മിഷനുകള്‍ നിര്‍വഹിക്കും എന്നാണ് നിയമം വിഭാവനം ചെയ്തത്.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭ പാസാക്കിയ റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ (ഭേദഗതി) ബില്‍ 2019, വിവരാവകാശ നിയമത്തെ തീര്‍ത്തും തുരങ്കം വയ്ക്കുന്നതാണ്. ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെ നിശ്ചിതമായ അഞ്ചു വര്‍ഷ കാലാവധി എടുത്തുകളയാന്‍ ബില്‍ ലക്ഷ്യം വയ്ക്കുന്നു. ഇതോടെ കമ്മിഷണര്‍മാരുടെ സേവനകാലാവധി ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമാകും. മാത്രമല്ല ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെ സേവനവേതന വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം എന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സ്റ്റേറ്റ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെയും സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെയും സേവന കാലാവധിയും സേവനവേതന വ്യവസ്ഥകളും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കും എന്ന ബില്ലിലെ വ്യവസ്ഥ ഫെഡറല്‍ തത്വത്തിന് എതിരാണ്. ഇത് സംസ്ഥനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്. വിവരാവകാശ കമ്മിഷനുകളുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും എടുത്തുകളയുക എന്ന സ്പഷട്മായ ലക്ഷ്യം തന്നെയാണ് ഈ ബില്ലിനുള്ളത്. വിവരാവകാശ കമ്മിഷനുകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതോടെ വിവരാവകാശ നിയമവും കമ്മിഷനുകളും വെറും കടലാസുപുലികളാകും. ഇലക്ഷന്‍ കമ്മിഷനുമായുള്ള തുല്യത ഇതോടെ ഇല്ലാതാകും. കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്ന ഭരണകൂട ഏജന്‍സിയായി വിവരാവകാശ കമ്മിഷനുകള്‍ മാറും.
വിവരാവകാശ നിയമം വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരുന്നു. പതിനഞ്ചു വര്‍ഷത്തിനിടെ ഏതാണ്ട് അറുപത് ലക്ഷം വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി. 'ഡൈയിങ് ഫോര്‍ ഡാറ്റ' എന്ന തലക്കെട്ടില്‍ പ്രശസ്തമായ ഗാര്‍ഡിയന്‍ പത്രം 2010ല്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട വിവരാവകാശ പ്രവര്‍ത്തകരെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട്പ്രസിദ്ധീകരിച്ചിരുന്നു. എണ്‍പതോളം വിവരാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്ന വസ്തുതയില്‍ നിന്ന് തന്നെ ഭരണകൂടവും അധികാരദല്ലാളന്മാരും ഈ നിയമത്തെ എത്രമാത്രം ഭയപ്പെടുന്നു എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയ റാഫേല്‍ വിമാന ഇടപാട് അഴിമതി അടക്കം ഒട്ടേറെ ഭരണകൂട കള്ളക്കളികള്‍ വിവരാവകാശ നിയമം വഴി പുറത്തുകൊണ്ടുവന്നിരുന്നു. ഇത്തരത്തില്‍ ഭരണകൂടത്തിന്റെ തത്വദീക്ഷയില്ലായ്മക്ക് മൂക്കുകയറിടുകയും ജനങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ ഒരു ഗണനീയമായ സ്ഥാനം നല്‍കുകയും ചെയ്തു വിവരാവകാശ നിയമം. ഈ നിയമം ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയതും ഇതിനാല്‍ തന്നെ. ഇലക്ഷന്‍ കമ്മിഷന്‍ പോലെത്തന്നെ ജനാധിപത്യത്തിന്റെ നെടുംതൂണായി വിവരാവകാശ കമ്മിഷനുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ജനങ്ങളുടെയോ പാര്‍ലമെന്റിന്റെയോ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ തീര്‍ത്തും രഹസ്യമായാണ് ഇപ്പോള്‍ വിവരാവകാശത്തെ തകര്‍ക്കുന്ന ഈ ബില്‍ ലോക്‌സഭയില്‍ കൊണ്ടുവന്നത്. പാര്‍ലമെന്ററി കമ്മിറ്റി നിലവിലില്ലാത്തതിനാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍, നാഷണല്‍ കാംപയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ പൗര സംഘടനകളുമായും സംവദിക്കാന്‍ ഭരണകൂടം തയാറായില്ല. നേരത്തെ ഭേദഗതികള്‍ അവതരിച്ചപ്പോള്‍ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ ജനാഭിപ്രായം അറിയാന്‍ വേണ്ടി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ അതും ഉണ്ടായില്ല.
ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും തകര്‍ക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണന. വിവരാവകാശ നിയമം മാത്രമല്ല, മനുഷ്യാവകാശ സംരക്ഷണ നിയമത്തെയും തകര്‍ക്കാന്‍ ഭരണകൂടം പതിനേഴാം ലോക്‌സഭയുടെ ആദ്യ സെഷനില്‍ തന്നെ ഉത്സാഹം കാണിച്ചു. ലോക്‌സഭയില്‍ അവതരിപ്പിച്ച പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് (ഭേദഗതി) ബില്‍ 2019, മനുഷ്യാവകാശ കമ്മിഷനുകളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. നിലവില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ചവര്‍ക്ക് മാത്രമേ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷനാകാന്‍ കഴിയുമായിരുന്നുള്ളൂ. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ചവര്‍ക്കും. എന്നാല്‍ പുതിയ ഭേദഗതിയോടെ യഥാക്രമം സുപ്രിം കോടതി ജഡ്ജിമാരായി വിരമിച്ചവര്‍ക്കും ഹൈക്കോടതി ജഡ്ജിമാരായി വിരമിച്ചവര്‍ക്കും ഈ സ്ഥാനങ്ങളില്‍ നിയമിക്കപ്പെടാം. ഇതോടെ കേന്ദ്ര സര്‍ക്കാരിന് പ്രിയപ്പെട്ട ആളുകളെ ഈ സുപ്രധാന പദവിയില്‍ നിയമിക്കാന്‍ കളമൊരുങ്ങുകയാണ്.
പ്രസ്തുത ബില്‍, മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍മാരുടെയും അംഗങ്ങളുടെയും സേവന കാലാവധി അഞ്ചു വര്‍ഷമോ എഴുപതു വയസ്സോ ഏതാണോ ആദ്യമാകുന്നത് അത് എന്ന വ്യവസ്ഥ മാറ്റി. പകരം സേവന കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കി. കമ്മിഷന്‍ അംഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുകയും ചെയ്യുന്നു. പുനര്‍നിയമനത്തിന് ശേഷം പരമാവധി എഴുപത് വയസ് വരെ സേവന കാലാവധി എന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. ഫലത്തില്‍ ആദ്യ നിയമനം ഒരു പ്രൊബേഷന്‍ കാലാവധിയാണ്. ഇക്കാലത്തു ഭരണകൂടത്തിന് അനുകൂലമായി നിന്നാല്‍ വീണ്ടും അഞ്ചു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം ലഭിക്കും. ബില്ലിലെ ഈ വ്യവസ്ഥകള്‍ മനുഷ്യാവകാശ കമ്മിഷനുകളേയും സര്‍ക്കാര്‍ ഏജന്‍സികളാക്കും. ഭരണകൂടമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകന്‍. മനുഷ്യാവകാശ കമ്മിഷനുകള്‍ നോക്കുകുത്തിയാകുന്നതോടെ സര്‍വലൗകികമായി പാലിക്കപ്പെടേണ്ട മനുഷ്യാവകാശ നിയമങ്ങളും വെറും നോക്കുകുത്തികളാകും.
ചുരുക്കത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നിലനിര്‍ത്തുന്ന ഓരോ സ്വതന്ത്ര സ്ഥാപനങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പൗരാവകാശങ്ങള്‍ മരീചികയായി മാറുന്നു. ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന 'ഡീപ് സ്റ്റേറ്റ്'' ആയ സംഘ്പരിവാറും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വിധം ആസുരമായ അധികാരകേന്ദ്രീകരണ ശക്തികളായി മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ കടപുഴക്കിയെറിയുന്ന ഈ ഏകാധിപത്യ കൊടുംകാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയും സാധ്യതയുമുള്ള സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം വെട്ടിയൊതുക്കി വരുതിയിലാക്കുന്ന തിരക്കിലാണ് മോദി ഭരണകൂടം. ഭീതിജനകമായ ഒരു രാഷ്ട്രീയ ഋതുഭേദം അനാവൃതമായിക്കൊണ്ടിരിക്കുകയാണ് വര്‍ത്തമാനകാല ഇന്ത്യയില്‍. ജനാധിപത്യത്തിന്റെ ഹരിതാഭ കൊഴിഞ്ഞു പോകുന്ന ശരത്കാലത്തിലേക്ക് ഇന്ത്യ പ്രവേശിച്ചിരുന്നു. രാഷ്ട്രത്തിന്റെ സിരകളെ മരവിപ്പിക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ പാഴ്മഞ്ഞു കാലം ഇനി ഏറെയൊന്നും അകലെയല്ല എന്ന വിപത്‌സൂചനയാണ് ഈ പുതിയ നിയമഭേദഗതികള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."