രണ്ടരകിലോ കഞ്ചാവുമായി 57കാരന്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍
പെരിന്തല്‍മണ്ണ: രണ്ടരകിലോ കഞ്ചാവുമായി 57കാരന്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പാണ്ടിക്കാട് സ്വദേശി വള്ളുവങ്ങാട് മുരിപ്പാടത്തെ അഞ്ചില്ലന്‍ വീട്ടില്‍ ഹംസയാണ് പെരിന്തല്‍മണ്ണ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ബി ബിനുവിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഐ.ബി പ്രിവന്റീവ് ഓഫിസര്‍ ഷിജുമോന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാള്‍ ഏതാനും ദിവസങ്ങളായി എക്‌സൈസ് മഫ്തി സ്‌ക്വഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഇന്നലെപുലര്‍ച്ചെ ഒറവംപുറത്തുവച്ച് ചെറുകിട വില്‍പനക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് വലയിലായത്. വില്‍പന നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. ഇയാള്‍ മുന്‍പും പലതവണ പൊലിസിന്റെയും എക്‌സൈസിന്റെയും പിടിയിലായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ യു. കുഞ്ഞാലന്‍കുട്ടി, കെ. മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.വി ലെനിന്‍, കെ. ഗോപിനാഥന്‍, എന്‍. റിഷാദലി, എ. അലക്‌സ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ ഇന്ദുദാസ്, കെ. സിന്ധു, ഡ്രൈവര്‍ എന്‍.പി വിപിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
2.600 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
പരപ്പനങ്ങാടി: 2.600 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒരാള്‍ എക്‌സൈസ് സംഘത്തെകണ്ട് ഓടി രക്ഷപ്പെട്ടു.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി നൂര്‍ആലം (31), ഒഡീഷ നമ്പരംഗ് പൂര്‍ സ്വദേശി ദാമൂധര്‍ ഹരിജന്‍(30) എന്നിവരെയാണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ പി.എല്‍ ജോസും സംഘവും പരപ്പനങ്ങാടിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സംഘത്തില്‍നിന്ന് രക്ഷപ്പെട്ട മൂന്നാമനായ ഒഡിഷ സ്വദേശി രാജുവിനായി ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെ പതിനാറുങ്ങലില്‍നിന്നാണ് കഞ്ചാവ് വില്‍പനക്കിടെ ഇവര്‍ എക്‌സൈസിന്റെ വലയിലായത്.
രാത്രി കാലങ്ങളില്‍ തദ്ദേശീയരായ കച്ചവടക്കാര്‍ക്ക് കഞ്ചാവ് മൊത്തത്തില്‍ എത്തിച്ചു നല്‍കുന്നത് പകലില്‍ പ്രത്യേക ജോലിക്കൊന്നും പോകാതിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണെന്ന എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നെന്നും കഞ്ചാവ് വാങ്ങാനെത്തിയവര്‍ സ്ഥലത്ത്‌നിന്ന് ഓടി രക്ഷപ്പെട്ടെന്നും സി.ഐ അറിയിച്ചു. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് സംഘത്തില്‍ സി.ഐക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.ടി ഷിജുമോന്‍, പ്രജോഷ് കുമാര്‍, ബിജു, വി.കെ സൂരജ്, ലതീഷ് , സിവില്‍, എക്‌സൈസ് ഓഫിസര്‍മാരായ പ്രദീപ്, ശിഹാബുദ്ദീന്‍, പ്രമോദാസ്, ജിനരാജ്, വനിതാ ഓഫിസര്‍മാരായ ലിഷ, മായ, ഡ്രൈവര്‍ ചന്ദ്ര മോഹന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."