വെള്ളച്ചാട്ടമല്ല; പാഴാകുന്നത് കുടിവെള്ളമാണ്
ബദിയഡുക്ക: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ബദിയഡുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് തലമ്പാടി കുടിവെള്ള പദ്ധതിയില്‍നിന്നു ശുദ്ധജലമെത്തിക്കുന്ന പൈപ്പാണ് പല സ്ഥലങ്ങളില്‍ പൊട്ടി ജലം പാഴാകുന്നത്. കുടിവെള്ളം പാഴാകുന്നത് പതിവാണെങ്കിലും വകുപ്പ് അധികൃതര്‍ ഗൗനിക്കില്ലെന്നാണ് ആരോപണം. ബദിയഡുക്ക, നീര്‍ച്ചാല്‍ വില്ലേജ് പരിധിയിലെ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി 2004ല്‍ എല്‍.ഐ.സിയുടെ സഹായത്തോടെ നാലു കോടി രൂപ ചെലവില്‍ സംസ്ഥാന ജല വകുപ്പാണ് പദ്ധതി നടപ്പാക്കിയത്.
പള്ളത്തടുക്ക പുഴയിലെ തലമ്പാടിയില്‍നിന്നു വെള്ളം പമ്പ് ചെയ്ത് കുണ്ടാല്‍മൂലയില്‍ ശുചീകരിച്ച് ബദിയഡുക്ക, നീര്‍ച്ചാല്‍ വില്ലേജുകളിലെ ഏറ്റവും കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളായ ബദിയഡുക്ക വില്ലേജിലെ കുണ്ടാല്‍മൂല, കാടമന, മൂക്കംപാറ, ബദിയഡുക്ക ടൗണ്‍, ഗോളിയടി, മാടത്തടുക്ക നീര്‍ച്ചാല്‍ വില്ലേജിലെ പെരഡാല, ഗോളിയടുക്ക, തലപ്പനാജെ, നീര്‍ച്ചാല്‍ ടൗണ്‍, മെണസിനപ്പാറ, കിളിംഗാര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എന്നാല്‍ പദ്ധതി പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട പൈപ്പ് ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തുവന്നിരുന്നു.
അതിനിടെ പൈപ്പ് പൊട്ടി ജലം പാഴാവുകയും വിതരണത്തില്‍ ഉണ്ടായ നിരന്തരമായ പരാതിയെ തുടര്‍ന്ന് ബദിയഡുക്ക പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ജനകീയ സമിതിയുടെ കൂട്ടായ്മയിലൂടെ പഞ്ചായത്ത് പരിധിയിലെ പല സ്ഥലങ്ങളിലും ജനകീയ കുടിവെള്ള പദ്ധതി നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് കേരള ജല വിതരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലമ്പാടി കുടിവെള്ള പദ്ധതി നാലാം വാര്‍ഡിലെ ചുരുക്കം ചില സ്ഥലങ്ങളിലേക്കു മാത്രമായി വിതരണത്തിനു സംവിധാനം ചെയ്യുകയായിരുന്നു.
എന്നിരുന്നാലും നേരത്തെ ബദിയഡുക്ക ഭാഗത്തേക്ക് വിതരണം ചെയ്തിരുന്ന പൈപ്പ് ലൈന്‍ ഗെയിറ്റ് വാള്‍വ് ഘടിപ്പിച്ച് തടസപെടുത്തുവാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് ആരോപണം. ഇതുകാരണം ജലം പമ്പിങ് ചെയ്യുമ്പോള്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പ് പൊട്ടുകയും വെള്ളം പാഴാവുകയും ചെയ്യുകയാണ്. മാത്രവുമല്ല ഗാര്‍ഹിക ആവശ്യത്തിന് മാസംതോറും നിശ്ചിത തുക അടച്ച് വെള്ളമെടുക്കുന്നവര്‍ക്കും ജലം ലഭിക്കാതെ വരുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."