പി.എം.ജെ.വി.കെ പദ്ധതിയെ ചൊല്ലി ബഹളം; ഇറങ്ങിപ്പോക്ക്
കണ്ണൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജെ.വി.കെയുമായി ബന്ധപ്പെട്ട പ്രപ്പോസലുകള്‍ അംഗീകരിക്കാന്‍ വിളിച്ചുചേര്‍ത്ത കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. 10 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുന്നതില്‍ കോര്‍പറേഷന്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നുവെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ബഹളവും നടന്നതിനു പിന്നാലെയാണ് നാടകീയ രംഗങ്ങളുണ്ടായത്.
ഉച്ചയ്ക്കു രണ്ടരയ്ക്കു ചേര്‍ന്ന യോഗത്തില്‍ നിന്ന് വൈകീട്ട് അഞ്ചിനു ശേഷമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയത്. യോഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായ ചില വാഗ്വാദങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ സംസാരിച്ച ശേഷം മൈക്ക് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന് മേയര്‍ ഇ.പി ലത അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. പ്രതിപക്ഷ നേതാവ് അഡ്വ. ടി.ഒ മോഹനനാണ് മൈക്ക് ആവശ്യപ്പെട്ടത്.
എന്നാല്‍ മേയര്‍ ആവശ്യം നിരസിച്ചതോടെ കോണ്‍ഗ്രസ്, ലീഗ് പ്രതിനിധികളായ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തുകയായിരുന്നു. ഇതിനിടെ മേയര്‍ മറ്റു നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഭരണപക്ഷാംഗങ്ങള്‍ മേയര്‍ക്ക് വേണ്ടി പ്രതിരോധമുയര്‍ത്തിയെങ്കിലും പ്രതിപക്ഷം 10 മിനിട്ടോളം പ്രതിഷേധം തുടര്‍ന്നു. മേയറുടെ ധിക്കാരപരമായ നടപടിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയാണെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പിഎംജെവികെ പദ്ധതിക്കു വേണ്ടിയുള്ള പ്രൊപ്പോസല്‍ തയാറാക്കിയത് അംഗീകരിക്കാനാണ് ഇന്നലെ അടിയന്തിര യോഗം വിളിച്ചത്. സംഭവത്തില്‍ കോര്‍പറേഷന്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞദിവസം കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് അടിയന്തിര കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ കലക്്ടര്‍ നിര്‍ദേശിച്ചത്. കോര്‍പറേഷനിലെ നാല് ആര്‍.എം.എസ്.എ സ്‌കൂളുകള്‍ ഉള്‍പ്പെടെ 94 സ്‌കൂളുകള്‍ക്കാണ് 10 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. മൂന്നുമാസം മുമ്പാണ് പി.എം.ജെ.വി.കെയിലേക്ക് 10 കോടിരൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതുവരെ പദ്ധതിയുടെ കരടുപോലും കൗണ്‍സില്‍ ചര്‍ച്ചചെയ്തിരുന്നില്ല. മേയര്‍ ചെയര്‍മാനായി ബ്ലോക്ക് സമിതി രൂപീകരിച്ചാണ് പദ്ധതി തയ്യാറാക്കേണ്ടത്.
ഇതില്‍ സര്‍ക്കാരിതര സ്ഥാപനങ്ങളിലെ മൂന്നുപേരെയും ഉള്‍പ്പെടുത്താം. ഈമാസം 10നകം പദ്ധതി തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും. എന്നാല്‍, യോഗം തുടങ്ങിയപ്പോള്‍ തന്നെ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തെ അക്ഷീണ പ്രയത്‌നത്തിലൂടെയാണ് പ്രൊപ്പോസല്‍ തയ്യാറാക്കിയതെന്നും സെക്രട്ടറി അറിയിച്ചു. എന്നാല്‍ ആരാണ് സമിതി രൂപീകരിച്ചതെന്നും അവ്യക്തത നീക്കണമെന്നും ടി.ഒ മോഹനന്‍ ആവശ്യപ്പെട്ടു. ഇതിനു മറുപടിയുമായി ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് രംഗത്തെത്തി. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷരുടെ കൃത്യവിലോപമാണ് അറിയിക്കുന്നതിലെ അപാകതയെന്നും ഉദ്യോഗസ്ഥര്‍ കഠിനപ്രയത്‌നം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടരമാസം മുമ്പ് സര്‍ക്കുലര്‍ വന്നിട്ടും പെട്ടെന്ന് യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതെന്നും ഇക്കാര്യത്തില്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരുമാണ് പ്രതിസ്ഥാനത്തെന്നും വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ ഷാഹിന മൊയ്തീന്‍ പറഞ്ഞു.
ന്യൂനപക്ഷ പദ്ധതി അട്ടിമറിക്കുകയാണെന്നും ഒറ്റ മദ്‌റസകളെ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലീഗ് പ്രതിനികളായ എം.പി മുഹമ്മദലിയും കെ.പി.എ സലീമും പറഞ്ഞു. തെറ്റുപറ്റിയെന്ന് സമ്മതിക്കണമെന്നും ഈ രീതിയില്‍ സമര്‍പ്പിച്ചാല്‍ തള്ളുമെന്നും കോണ്‍ഗ്രസിലെ സുമാബാലകൃഷ്ണന്‍ പറഞ്ഞു. ഒടുവില്‍ പദ്ധതിയുടെ പ്രൊപ്പോസല്‍ അംഗീകരിച്ചതായി മേയര്‍ ഇ.പി ലത അറിയിച്ചു.
മേയര്‍ ഇ.പി ലത, എന്‍.പി ബാലകൃഷ്ണന്‍, സി. സമീര്‍, അമൃത രാമകൃഷ്ണന്‍, വെള്ളോറ രാജന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
എന്താണ് പി.എം.ജെ.വി.കെ
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം എന്ന പദ്ധതിയാണിത്. ഗുണഭോക്താക്കളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ന്യൂനപക്ഷ വിഭാഗം ഉള്‍പ്പെടുന്ന ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ മേഖലകളിലെ പദ്ധതികളാണ് ഇതിനായി സമര്‍പ്പിക്കേണ്ടത്. നേരത്തെ വയനാട്, മലപ്പുറം ജില്ലകളില്‍ നടപ്പാക്കിയിരുന്ന ഈ മള്‍ട്ടി സെക്ടറല്‍ ഡവലപ്‌മെന്റ് പദ്ധതി ഈ വര്‍ഷം ഏപ്രില്‍ മുതലാണ് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്. കണ്ണൂര്‍ കോര്‍പറേഷനെ ഉള്‍പ്പെടുത്തി ജൂലൈയിലാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."