ഇറോം ശര്‍മിളക്കും മടുക്കുകയാണോ ?
നീണ്ട കാലത്തിന്റെ കോലം കെടലിന്ന് ശേഷം ഒരു യവനറാണിയുടെ അവിശ്രമയാഗത്തിന് പരിസമാപ്തി സംഭവിക്കാനിരിക്കുകയാണ്. ആ മഹാമഹിള നിയമത്തിന് മുമ്പില്‍ സ്വയം ദണ്ഡനമസ്‌കാരം ചെയ്തതോ അതോ നിയമത്തെ കൈപിടിയിലാഴ്ത്താന്‍ ഒരു യുഗ പ്രഭാവത്തെപ്പോലെ അവതീര്‍ണ്ണമായതോ എന്നറിയാന്‍ നാം കുറച്ചു കാലവും കൂടി കണ്ണും കാതും അടക്കിപ്പിടിച്ച് കാത്തിരിപ്പ് തുടരേണ്ടിയിരിക്കുന്നു.
2017 ല്‍ നടക്കാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പ് വരെ നീണ്ടു നില്‍ക്കുന്നതായിരിക്കും ആ കാത്തിരിപ്പ്. അന്നറിയാം നിരാഹാരത്തിന്റെ തീ ചൂളയില്‍ കര്‍മ്മ നൈരന്തര്യം കാണിച്ച മഹിളയുടെ നിരാഹാര സംശുദ്ധി എത്രത്തോളമായിരുന്നു എന്ന്. എന്ത് തന്നെയാണെങ്കിലും ജീവിത യാത്രയുടെ ഒരു സുപ്രധാന പങ്ക് ഇത്തരത്തില്‍ ചിലവഴിക്കാന്‍ കഴിഞ്ഞത് ഒരു ചരിത്രമായി എണ്ണപ്പെടും എന്നുള്ളത് നിസ്തര്‍ക്കമാണ്.
ഇറോം ശര്‍മിള സ്വീകരിച്ചത് തീര്‍ത്തും കലുശമായ ദുഃഖമായിരുന്നു. അവര്‍ ജീവിച്ചത് കനല്‍ പഥങ്ങളിലൂടെയായിരുന്നു. ഭരണകൂടം ഇറോം ശര്‍മിളയുടെ ആവശ്യം അംഗീകരിക്കാന്‍ മുതിര്‍ന്നിട്ടില്ല എന്ന് തീര്‍ത്ത് പറയാന്‍ വയ്യ. കാരണം 2004 ല്‍ താത്കാലികമായി അഫ്‌സ്പ നിയമം പിന്‍വലിക്കാന്‍ കേന്ദ്രം മുതിര്‍ന്നപ്പോള്‍ കേന്ദ്രം ഇറോം ശര്‍മിളക്ക് അരുളിയ കനിവിനെ വെറും കനവാക്കാന്‍ ശ്രമിക്കുകയായിരുന്നു ചില സമരശക്തികള്‍. അങ്ങനെ ആ ശ്രമം വൃഥാവിലായി. എന്തു വന്നാലും ഒന്നുറപ്പാണ്, ഇറോം ശര്‍മിളയുടെ ഈ തീരുമാനം ഒരിക്കലും അടിയറവെക്കലായി കാണാന്‍ സാധിക്കില്ല. മറിച്ച് ഈ താത്കാലിക വിരാമം അതൊരു ആദിത്യന്റെ അനുഗ്രഹീതമായ ഉയര്‍ത്തെഴുന്നേല്‍പ്പായിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."