തീവണ്ടി പാലത്തിലെ മണ്ണിടിച്ചില്‍; മെറ്റല്‍ ചാക്കുകള്‍ നിറക്കുന്ന പ്രവൃത്തി ആരംഭിച്ചു
ചാലക്കുടി: ചാലക്കുടിപുഴക്ക് കുറുകെയുള്ള തീവണ്ടി പാലത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തി ആരംഭിച്ചു.
പാലത്തിന്റെ ഇരുഭാഗത്തും മെറ്റല്‍ ചാക്കുകള്‍ വീണ്ടും നിറച്ചാണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്. എന്നാല്‍ ശക്തമായ മഴ പെയ്താല്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടാകുമെന്നത് കണക്കിലെടുത്ത് മണ്ണിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് ഉറപ്പിച്ചാണ് ഇപ്പോള്‍ മെറ്റല്‍ ചാക്കുകള്‍ വിരിക്കുന്നത്. പാലത്തിന്റെ രണ്ടറ്റങ്ങളിലും കോണ്‍ക്രീറ്റ് ചെയ്ത് കെട്ടി സംരക്ഷിച്ചാലേ ശാശ്വത പരിഹാരമാകൂ. എന്നാല്‍ ഇതിന് റെയില്‍വേയുടെ ഉന്നത അധികൃതരുടെ ഭാഗത്ത് നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ല. കോണ്‍ക്രീറ്റും കരിങ്കലും ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുകണമെന്നാണ് റെയില്‍വേ ടെക്നിക്കല്‍ വിഭാഗം നല്കുന്ന നിര്‍ദേശം. എന്നാല്‍ ഈ പ്രവൃത്തികള്‍ ചെയ്യണമെങ്കില്‍ ടെണ്ടര്‍ വിളിക്കുന്നതടക്കമുള്ള നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിന് കാലതാമസം നേരിടും. ഈ സാഹര്യത്തിലാണ് മെറ്റല്‍ ചാക്കുകള്‍ നിരത്തുന്ന പ്രവൃത്തി നടത്തുന്നത്. കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ ഇരുഭാഗത്തും മണ്ണിടിഞ്ഞത്. തുടര്‍ന്ന് മെറ്റല്‍ ചാക്കുകള്‍ നിരത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഇടിഞ്ഞ് പോയിരിക്കുന്നത്.
ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് ചാലക്കുടിപുഴക്ക് കുറുകെ തീവണ്ടികളുടെ വേഗത നിയന്ത്രിച്ചിട്ടുണ്ട്. 20കിലോമീറ്ററാണ് ഇവിടെ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത. കൂടുതല്‍ പരിശോധന നടത്തിയ ശേഷം മാത്രമെ വേഗത കൂട്ടുന്നത് സംബന്ധച്ച് തീരുമാനിക്കൂ. ചാലക്കുടിഅങ്കമാലി പാതയിലെ തീവണ്ടി ഗതാഗതത്തിനാണ് മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള വേഗത നിയന്ത്രണം സാരമായി ബാധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."