പ്ലസ് വണ്‍ പ്രവേശനമില്ലാതെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ നിരവധി കുട്ടികള്‍
കല്‍പ്പറ്റ: പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ കുട്ടികളുടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടില്ല.
എസ്.എസ്.എല്‍.സി ഫലം വന്നതിനു ശേഷം മെയ് 14ന് പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ പട്ടികജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഈ വിഭാഗത്തിലെ കുട്ടികളില്‍ പകുതിയോളം പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുന്നത്.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന വയനാട്, പാലക്കാട് ജില്ലകളിലെ സ്‌കൂളുകളില്‍ ഇവര്‍ക്കായി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമായിരുന്നു പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ നല്‍കിയത്.
2018ല്‍ അന്നത്തെ വയനാട് കലക്ടര്‍ പട്ടികജാതി-വര്‍ഗ വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊരുക്കുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കിയത്.
തുടര്‍ന്നാണ് ഓരോ ജില്ലകളിലും വര്‍ധിപ്പിക്കേണ്ട സീറ്റുകളും ഇതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ച് 2019 മെയ് 14ന് ഡയറക്ടര്‍ പട്ടിക ജാതി-വര്‍ഗ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്ലസ്‌വണ്‍ അലോട്‌മെന്റ് അടുത്തതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ അന്നുതന്നെ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും പലയിടത്തും പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍ പ്രവേശനം ലഭിക്കാതെ ബുദ്ധിമുട്ടിയിട്ടും അധികൃതര്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുത്തില്ല.
ഇതുപല കുട്ടികളുടെയും ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കില്‍ 100 സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശത്തിലുള്ളത്. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 185, മാനന്തവാടി താലൂക്കില്‍ 225, കല്‍പ്പറ്റയില്‍ 420 അടക്കം 930 സീറ്റുകളുടെ വര്‍ധന ഈ അധ്യയന വര്‍ഷം വരുത്തണമെന്നായിരുന്നു വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയിലെ പ്രധാന പരാമര്‍ശം.
എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് നപടിയുണ്ടായില്ല. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ 1982 കുട്ടികളില്‍ 843 പേര്‍ തുടര്‍പഠനത്തിന് അവസരമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്.
വയനാട്ടില്‍ ആദ്യ അലോട്‌മെന്റില്‍ 700 കുട്ടികള്‍ക്കും രണ്ടാമത് നടത്തിയ സ്‌പെഷ്യല്‍ അലോട്‌മെന്റില്‍ 439 കുട്ടികള്‍ക്കും പ്ലസ് വണ്ണിലേക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ബാക്കി കുട്ടികള്‍ ഇപ്പോഴും പുറത്താണ്.
ഇനി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുക മാത്രമാണ് ഇവര്‍ക്ക് മുന്‍പിലുള്ള പോംവഴി. എന്നാല്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് ഇവരുടെ പഠന ചെലവ് കൂടി താങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ എസ്.എസ്.എല്‍.സിയോടെ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവര്‍ക്ക് മുന്നില്‍ സംജാതമായിരിക്കുന്നത്.
ഇതിനൊരു പരിഹാരമാകുമായിരുന്ന റിപ്പോര്‍ട്ടാണ് നിലവില്‍ പട്ടിക ജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മേശപ്പുറത്ത് സുഖവാസത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."