ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് അധികാരികള്‍
പാലക്കാട്: ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പ്രദേശത്ത് വെള്ളം കയറി വരുന്ന സാഹചര്യവും കൂടി ഉണ്ടെങ്കില്‍ ഉടന്‍ പ്രദേശത്ത് നിന്ന് മാറുക. മുന്നറിയിപ്പുണ്ടായിട്ടും പ്രദേശം വിട്ടുപോകാതിരുന്നത് പ്രളയസമയത്ത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കിയതായി അഗ്‌നിശമന സേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു. ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, അഗ്‌നിശമന സേന ജില്ലാ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടത്തിയ ദുരന്തനിവാരണ ബോധവത്കരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുന്നറിയിപ്പ് അവഗണിച്ചവര്‍ ഒടുവില്‍ അഗ്‌നിശമന സേനയ്ക്ക് പോലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയില്‍ അകപ്പെട്ട് ജീവന് വേണ്ടി കേഴുന്ന അവസ്ഥ കണ്ടിട്ടുളളതായി അദ്ദേഹം പറഞ്ഞു. ശക്തമായ മഴ മുന്നറിയിപ്പുണ്ടെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളിലുളളവര്‍ ഒഴിഞ്ഞുമാറണം. ഉരുള്‍പൊട്ടല്‍പോലുളള ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വിരളമായെ സാധ്യയുളളൂ എന്നതിനാല്‍ പരമാവധി ഒഴിഞ്ഞുമാറി നില്‍ക്കുക എന്നു കൂടി അദ്ദേഹം ഓര്‍മിപ്പിച്ചു.
സത്വര രക്ഷാപ്രവര്‍ത്തനത്തിന് പ്രാദേശിക ജനകീയ രക്ഷാസേഅടിയന്തരഘട്ടങ്ങളില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രദേശവാസികളുടെ സഹായം വേണം. അതിനായി ജില്ലയില്‍ പ്രളയം രൂക്ഷമായ സമയത്ത് അഗ്‌നിശമനസേനയ്ക്ക് താങ്ങായവിധം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ പൊതുജനങ്ങളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി പ്രാദേശിക ജനകീയ രക്ഷാസേന രൂപീകരിച്ചതായി (കമ്മ്യൂനിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍) ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിഅരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, കൊല്ലങ്കോട്, വടക്കഞ്ചേരി, നെന്മാറ, ആലത്തൂര്‍, കഞ്ചിക്കോട്, ചിറ്റൂര്‍ ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെയുളള 800-ഓളം പേര്‍ സംഘത്തില്‍ ഉള്‍പ്പെടും.
ദുരന്തമുണ്ടായാല്‍ അഗ്‌നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ ഈ പ്രാദേശികസേനയുടെ സേവനം പ്രയോജനപ്പെടുത്താം. ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.
പ്രളയം രൂക്ഷമായ വേളയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരുടെ വിവരങ്ങള്‍ ഓരോ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ശേഖരിച്ച് അവരെ ഒരു പൊതുവേദിയില്‍ ആദരിച്ചുകൊണ്ടാണ് പ്രാദേശിക ജനകീയ രക്ഷാസേനയെ രൂപീകരിച്ചിരിക്കുന്നത്. സംഘത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകള്‍, പഞ്ചായത്ത് റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയ്ക്ക് തൊട്ടടുത്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലോ ജില്ലാ ഫയര്‍ ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്ന് ഫയര്‍ഫോഴ്‌സ് ജില്ലാ മേധാവി പറഞ്ഞു.
വെളളപ്പൊക്കവുമായി ബന്ധപ്പെട്ടുളള ജാഗ്രതാ നിര്‍ദേശങ്ങള്‍
വെളളക്കെട്ടിലൂടെ നടന്നുപോകുന്നത് പരമാവധി ഒഴിവാക്കുക. ഇനി അങ്ങനെ പോകേണ്ടത് അത്യാവശ്യമാണെങ്കില്‍ ഒരു നീളമുളള കമ്പോ, വടിയോ, കയ്യില്‍ വെച്ച് വെളളത്തിന്റെ ആഴം നോക്കി ഉറപ്പു വരുത്തിയതിനുശേഷം മുന്നോട്ട് പോകുക.
ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് സമീപത്തുകൂടി നടന്നുപോകുന്നത് ഒഴിവാക്കുക. ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണു കിടക്കുന്ന സ്ഥലങ്ങളില്‍ കൂടി ഒരു കാരണവശാലും നടന്നുപോകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ വെളളത്തില്‍ കൂടി നടന്നുപോയാലും ഷോക്കടിക്കാന്‍ സാധ്യത കൂടുതലാണ്.
വെളളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വൈദ്യുതി മെയില്‍ കണക്ഷനും ഗ്യാസ് മെയിന്‍ കണക്ഷനും ഓഫാക്കാന്‍ ശ്രദ്ധിക്കുക.
ഇലക്ട്രിക് ഷോക്ക്, മൂര്‍ച്ചയുളള വസ്തുക്കള്‍, പാമ്പുകള്‍ തുടങ്ങിയ വിഷ ജന്തുക്കള്‍ തുടങ്ങിയ അപകടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍ വെളളക്കെട്ടിനകത്തുകൂടി നടന്നു പോകുന്നത് പരമാവധി ഒഴിവാക്കുക.
വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്വീവേജ് ലൈനുകള്‍, ഗട്ടറുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ വടിയോ നീളമുളള കമ്പോ ഉപയോഗിക്കുക.
വെളളക്കെട്ടില്‍ ഇറങ്ങാനോ കളിക്കാനോ കുട്ടികളെ യാതൊരു കാരണവശാലും അനുവദിക്കരുത്.
കേടായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഷോക്കടിക്കാന്‍ സാധ്യതയുണ്ട്.
അപകടസാധ്യതയുളള ഡാമുകളിലും ജലാശയങ്ങളിലും മഴക്കാലം കഴിയുന്നതുവരെ ഒരു കാരണവശാലും ഇറങ്ങരുത്.
മുന്നറിപ്പുളള ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ ജലാശയങ്ങളില്‍ മീന്‍പിടിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 15-25 വരെ പ്രായത്തിലുളളവരാണ് കൂടുതലും അപകടത്തില്‍ പെടുന്നത് .ഈ പ്രായത്തിലുളളവര്‍ ജലാശയത്തില്‍ ഇറങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക. രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുംവിധം ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ട്്. ഈ മനോഭാവത്തിന് മാറ്റമുണ്ടാകണം.മഴക്കാലം കഴിയുന്നതുവരെ വിനോദയാത്രകളും സാഹസിക യാത്രകളും കാഴ്ചകാണുവാനുളള യാത്രകളും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
മറ്റൊരു സ്ഥലത്ത് മഴപെയ്താലും ദൂരെയുളള ജലാശയങ്ങളില്‍ ജലനിരപ്പ് പ്രവചനാതീതമായി ഉയരാന്‍ സാധ്യതയുണ്ട്. ശക്തമായ കുത്തൊഴുക്ക് നീന്തലറിയാകുന്നവര്‍ക്കും പോലും നേരിടാന്‍ സാധിച്ചുവെന്ന് വരില്ല എന്നും ഫയര്‍ ഫോഴ്‌സ് ജില്ലാ മേധാവി ഓര്‍മിപ്പിച്ചു.
ഇടിമിന്നല്‍ പ്രതിരോധം
ശക്തമായ മിന്നലുണ്ടെങ്കില്‍ പാടങ്ങള്‍, റോഡ്, ഒറ്റപ്പെട്ട സ്ഥലം , ഒറ്റപ്പെട്ട സ്ഥലത്തുളള കെട്ടിടങ്ങള്‍ക്ക് താഴെ, മരങ്ങളുടെ ചുവട് എന്നിവിടങ്ങളില്‍ നില്‍ക്കരുത്.വീടുകളില്‍ ഇലക്ട്രിക്ക്-ഇലക്ടോണിക്ക് ഉപകരണങ്ങള്‍ ഓഫാക്കി വെയ്ക്കുക.ലോഹങ്ങളില്‍ നിന്ന് അകലം പാലിക്കുക. അപകട ഘട്ടങ്ങളില്‍ 101 എന്ന സൗജന്യ നമ്പറില്‍ ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."