മെഡിക്കല്‍ ടൂറിസം; അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍
റിയാദ്: മെഡിക്കല്‍ ടൂറിസം രംഗത്തേക്ക് അറബ് രാജ്യങ്ങളില്‍ നിന്നടക്കം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. രാജ്യത്തെ വിവിധ ആശുപത്രികളും ഇന്ത്യന്‍ സര്‍ക്കാരും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും തമ്മില്‍ സംയുക്തമായി ചേര്‍ന്നാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
2020 ഓടെ ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ രോഗികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് തയാറാകുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ ടൂറിസം രംഗത്തേക്കുള്ള വിദേശികളുടെ ഒഴുക്ക് കണക്കിലെടുത്ത് വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.
ഇന്ത്യയിലെത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളില്‍ അറബ് രാജ്യത്ത് നിന്നും നല്ലൊരു ശതമാനമുണ്ട്. മെഡിക്കല്‍ ടൂറിസം രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഇത് ഇനിയും വര്‍ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. 2010 മുതല്‍ ഇന്ത്യയിലെത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ഷം തോറും നല്ല വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2020 ഓടെ മെഡിക്കല്‍ ടൂറിസം മേഖലയിലൂടെ എണ്ണൂറ് കോടി ഡോളര്‍ വരുമാനം നേടുന്നതിന് ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യക്ക് ലഭിക്കുന്ന 400 കോടി ഡോളര്‍ വരുമാനമാണ്. ആഗോള മെഡിക്കല്‍ ടൂറിസം രംഗത്ത് പതിനഞ്ചു ശതമാനമാണ് ഇന്ത്യയുടെ പങ്കെന്നാണ് കണക്കുകള്‍. കൂടാതെ, ഈ രംഗത്ത് പ്രതിവര്‍ഷം പതിനഞ്ചു ശതമാനം വളര്‍ച്ചയും നേടുന്നുണ്ട്. 2015 ല്‍ 233918 മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തിയ സ്ഥാനത്ത് 2017 ല്‍ 495056 വിദേശികളാണ് എത്തിച്ചേര്‍ന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഒമാനും രണ്ടാം സ്ഥാനം യു എ ഇ യുമാണ്ഉള്ളത്. ഇന്ത്യയിലെത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളില്‍ മൂന്നാം സ്ഥാനം സഊദി അറേബ്യക്കാണ്. അടുത്ത കാലത്തായി പതിമൂന്നു ആശുപത്രികളില്‍ നിന്നുള്ള ഡോക്റ്റര്‍മാരും മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കേരളം ചാപ്റ്റര്‍ ഒമാനിലേക്ക് അയച്ചിരുന്നു. മസ്‌ക്കറ്റില്‍ റോഡ് ഷോയുടെയും എക്‌സിബിഷന്റെയും ഭാഗമായി സംഘം ഔട്ട് പേഷ്യന്റ് സേവനങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ അടുത്തിടെ ദുബൈയില്‍ നടന്ന അറബ് ട്രാവല്‍ മാര്‍ട്ടിലെ ഇന്ത്യന്‍ പവലിയിനിലും മെഡിക്കല്‍ ടൂറിസം മേഖല പ്രതിനിധികള്‍ പങ്കെടുത്തു വിവിധ തരത്തിലുള്ള സേവന വിശദീകരണങ്ങള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."