യു.പി.എ സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി മോദി സര്‍ക്കാര്‍ തങ്ങളുടേതാക്കുന്നുവെന്ന് ശിവസേന
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ മുഖ്യ സഖ്യകക്ഷികളിലൊന്നായ ശിവസേന വീണ്ടും ഇടയുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യവ്യാപകമായി ഉദ്ഘാടനം ചെയ്യുന്ന വിവിധ കേന്ദ്ര പദ്ധതികള്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതാണെന്ന ആരോപണം ഉന്നയിച്ചാണ് ബി.ജെ.പിയ്‌ക്കെതിരേ ശിവസേന രംഗത്തെത്തിയത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതികളുടെ പേര് മാറ്റിയാണ് ഇവ ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് വര്‍ഷം ഭരിച്ചിട്ടും എന്ത് നടപ്പാക്കി എന്നുചോദിച്ചാല്‍ ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ടു നിരോധനമല്ലാതെ മറ്റൊന്നും മോദിക്ക് അവകാശപ്പെടാനില്ലെന്ന് ശിവസേന ആരോപിച്ചു.
നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് കര്‍ഷകരെയും സാധാരണക്കാരായ ജനങ്ങളെയുമാണ്. ഇതല്ലാതെ ഒന്നും പുതിയതായി കൊണ്ടുവരാന്‍ എന്‍.ഡി.എ സര്‍ക്കാരിന് ആയിട്ടില്ല. ശിവസേനയുടെ മുഖപത്രമായ സാംനയിലെ ലേഖനത്തിലാണ് മോദി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന്റെ വലിയ പദ്ധതികളായി കണക്കാക്കുന്ന അസമിലെ ഭുപന്‍ ഹസാരിക ദോല-സാദിയ പാലം, ജമ്മുകശ്മിരിലെ ചെനാനി-നഷ്‌റി ടണല്‍ എന്നിവ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം തുടങ്ങിയതാണ്. ഇത് മോദിയുടെ ഭരണ നേട്ടമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ നോട്ടുനിരോധനം വഴി തൊഴില്‍ മേഖലപോലും പ്രതിസന്ധിയിലായി. ഐ.ടി മേഖലയില്‍ നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായി ശിവസേന ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."