കാനത്തിനെതിരേ സി.പി.ഐയില്‍ കലാപം: ആലപ്പുഴയിലെ പാര്‍ട്ടി ഓഫിസില്‍ പോസ്റ്റര്‍
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ സി.പി.ഐയില്‍ കലാപം. എറണാകുളത്ത് ഐ.ജി ഓഫിസ് മാര്‍ച്ചിനിടെ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ച പൊലിസ് നടപടിയെ ന്യായീകരിച്ചതാണ് പാര്‍ട്ടിയിലെ താഴെക്കിടയിലുള്ള നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കാനത്തിനെതിരേ പാര്‍ട്ടി ഓഫിസിന്റെ മതിലില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയിലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിന്റെ മതിലിലാണ് കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ എന്ന തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.തിരുത്തല്‍വാദികള്‍ സി.പി.ഐ എന്നാണ് പോസ്റ്ററിലുള്ളത്. എല്‍ദോ എബ്രഹാം എം.എല്‍.എക്കും പി.രാജുവിനും അഭിവാദ്യങ്ങളും അര്‍പ്പിച്ചിട്ടുണ്ട്.
എം.എല്‍.എ എല്‍ദോ എബ്രഹാം അടിവാങ്ങിയത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടാണെന്ന് കാനം തിരുവനന്തപുരത്ത് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
വീട്ടിലിരുന്ന എം.എല്‍.എയെ പൊലിസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. ഇക്കാര്യത്തില്‍ തനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. പ്രതിപക്ഷത്തെപ്പോലെ പെരുമാറാന്‍ പറ്റില്ല. അനീതിക്കെതിരേ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലിസിനെതിരെയാകും.
സംഭവത്തില്‍ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.പി.ഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്ന് പൊലിസുകാരോടു ചോദിക്കണമെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതാണ് കാനത്തിനെതിരേ തിരിയാന്‍ അണികളേയും നേതാക്കളെയും പ്രേരിപ്പിച്ചത്. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കാനം ഇന്നലെ പ്രതികരിച്ചത്.
സി.പി.ഐ നേതാക്കള്‍ക്കെതിരേ നടന്ന പൊലിസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
കൊച്ചിയിലെ സംഭവത്തില്‍ മുഖ്യമന്ത്രി നേരത്തേ ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെയും കലക്ടര്‍ നല്‍കിയില്ല എന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."