ഭീകരവാദം മാനവരാശി നേരിടുന്ന വെല്ലുവിളി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ജര്‍മനി, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ നാല് രാജ്യങ്ങളുടെ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ജര്‍മന്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരവാദത്തിനെതിരായ യുദ്ധത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. ലണ്ടനില്‍ അടുത്ത ദിവസമുണ്ടായ ഭീകരാക്രമണത്തെയും കശ്മിരില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ചരക്കുകളും ജനങ്ങളും അതിര്‍ത്തികള്‍ കടന്ന് വിവിധ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ബന്ധം പരസ്പരമുള്ള പുരോഗതിക്കും രാജ്യങ്ങള്‍ തമ്മിലുള്ള ധാരണക്കും ഇടയാക്കും. ആഗോളതലത്തില്‍ ഗുണകരമായ സാഹചര്യമാണ് പരസ്പര ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാവുകയെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ സാമ്പത്തിക രംഗത്ത് അതിവേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജര്‍മനിയുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യയുടെ അംഗത്വത്തിന് ജര്‍മനിയുടെ പിന്തുണയും തേടി. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനുള്ള ഇന്ത്യയുടെ ശ്രമത്തിന് ജര്‍മനിയുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."