ഗാന്ധിപോലും പൊറുക്കില്ല ഇത്തരം കാപട്യങ്ങള്‍
മഹാത്മജിയുടെ നൂറ്റമ്പതാം ജന്മദിനം കഴിഞ്ഞു ദിവസങ്ങള്‍ക്കുശേഷം ഇത്തരമൊരു കുറിപ്പെഴുതേണ്ടി വരുമെന്നു കരുതിയതല്ല.
എന്നാല്‍, ഗാന്ധിജയന്തിയാഘോഷങ്ങളുടെ പൊലിമയും ആഘോഷച്ചടങ്ങുകളില്‍ നടന്ന ആഹ്വാനങ്ങളുടെ കാപട്യവും പറഞ്ഞതിനു കടകവിരുദ്ധമായ പ്രവൃത്തികളുമൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ തിങ്ങിനിറഞ്ഞ നിരാശയും വ്യഥയും കടലാസില്‍ പകര്‍ത്താതിരിക്കാന്‍ വയ്യെന്നു തോന്നി.
രാഷ്ട്രപിതാവിന്റെ ഈ പിറന്നാള്‍ മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇവിടെയെത്തിയെന്നതും അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ യു.എസ് കോണ്‍ഗ്രസ് സ്വര്‍ണമെഡല്‍ മരണാനന്തര ബഹുമതിയായി മഹാത്മജിക്കു നല്‍കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടുവെന്നതും ഗാന്ധിക്ക് ഏറെ പ്രിയങ്കരമായ 'വൈഷ്ണവജനതോ...' എന്ന ഭജന പാടാന്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയുള്‍പ്പെടെ 45 രാജ്യത്തിലെ ഗായകര്‍ തയാറായെന്നതുമൊക്കെ ഓരോ ഭാരതീയനും അഭിമാനമേകുന്ന കാര്യമാണ്. അന്താരാഷ്ട്രതലത്തില്‍ നമ്മുടെ രാഷ്ട്രപിതാവ് ആദരിക്കപ്പെടുമ്പോള്‍ ആവേശം കൊള്ളാതിരിക്കാനാവില്ലല്ലോ.
എന്നാല്‍, മനസ്സു തകര്‍ന്നു പോകുന്നതു ഗാന്ധിയെക്കുറിച്ചുള്ള നമ്മുടെ നാട്ടിലുള്ളവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്. നമുക്കെല്ലാം ഗാന്ധിജി പ്രസംഗവേദിയില്‍ പ്രകീര്‍ത്തിക്കാന്‍ മാത്രം ആവശ്യമായ വിഗ്രഹമായി മാറിയിരിക്കുന്നു, വെറുമൊരു തമാശക്കഥാപാത്രം. അതിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഗാന്ധിജയന്തി മാമാങ്കങ്ങളിലും കണ്ടത്.
അടുത്ത ഗാന്ധിജയന്തി ദിനമായ 2019 ഒക്ടോബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇത്തവണ രാജ്ഘട്ടില്‍ തുടക്കം കുറിച്ചത്. 'ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള കടമ നമുക്കു നിറവേറ്റാ'മെന്ന ആഹ്വാനത്തോടെയാണു പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ നൂറ്റമ്പതാം പിറന്നാളാഘോഷപരിപാടിക്കു തുടക്കം കുറിച്ചത്.
രാജ്ഘട്ടില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില വാക്കുകള്‍ ഇവിടെ പകര്‍ത്തേണ്ടത് അത്യാവശ്യമാണ്. ''ഇരുപത്തൊന്നാം നൂറ്റാണ്ടു നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഗാന്ധിജിയുടെ ആശയങ്ങളില്‍ പരിഹാരമുണ്ട്. ഭീകരവാദവും തീവ്രവാദവും മൗലികവാദവും ഹൃദയരഹിതമായ പകയും രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്ന ഇക്കാലത്തു ശാന്തിയും അഹിംസയും പാലിക്കാനുള്ള ഗാന്ധിയുടെ ആഹ്വാനത്തിനു മാനവികതയെ ഒന്നിപ്പിക്കുന്നതിനുള്ള കരുത്തുണ്ട്.'' എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
ഗാന്ധിജിയുടെ ആശയങ്ങള്‍ ആ മഹാനുഭാവന്‍ ജീവിച്ചിരുന്ന കാലത്തുപോലും പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കാതിരിക്കുകയും ആ ആശയങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ ജീവന്‍ കവരുകയും ചെയ്തവരാണു നമ്മള്‍. അങ്ങനെ നിശ്ശബ്ദനാക്കപ്പെട്ട മനുഷ്യന്റെ ഓര്‍മയ്ക്കു പോലും എഴുപതുവര്‍ഷത്തിന്റെ കാലപ്പഴക്കം സംഭവിച്ച കാലത്തും നാം ഉപചാരം പോലെ പറയുന്നു, 'ശാന്തിയും അഹിംസയും പാലിക്കാനുള്ള ഗാന്ധിയുടെ ആഹ്വാനത്തിനു മാനവികതയെ ഒന്നിപ്പിക്കുന്നതിനുള്ള കരുത്തുണ്ട് ' എന്ന്.
ഗാന്ധിയില്‍നിന്ന് എന്തുള്‍ക്കൊള്ളാനാണു നാം ശ്രമിച്ചിട്ടുള്ളത്.
അംഹിസയായിരുന്നു ഗാന്ധിജിയുടെ ജീവമന്ത്രം. നരോദപാട്യയിലും മറ്റും മനുഷ്യരെ പച്ചയായി കൊന്നുതള്ളിയപ്പോള്‍, വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന സംശയത്താലും തീവണ്ടിയില്‍ ഗോമാംസവുമായി യാത്രചെയ്യുന്നുവെന്നാരോപിച്ചും മറ്റും നിരപരാധികളെ അടിച്ചും വെട്ടിയും നിശ്ചലരാക്കിയപ്പോഴും ആ അക്രമികളോട് 'മാ നിഷാദ' പറയാനുള്ള ആര്‍ജ്ജവം കാണിക്കാത്തവരാണോ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ മഹത്വം പാടുന്നത്.
വിദ്വേഷത്തിന്റെ വിഷം വമിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു നടത്തിക്കൊണ്ടിരിക്കുന്ന സാക്ഷി മഹാരാജിനെയും സാധ്വി നിരഞ്ജന്‍ ജ്യോതിയെയും പോലുള്ള വര്‍ഗീയക്കോമരങ്ങളെ കയറൂരി വിട്ടുകൊണ്ടാണു നമമ്മള്‍ ഗാന്ധിജിയുടെ ശാന്തിമന്ത്രത്തെക്കുറിച്ചു പ്രകീര്‍ത്തിക്കുന്നത്. വാക്കും പ്രവൃത്തിയും ഒന്നാകണമെന്നു നിഷ്‌കര്‍ഷയുള്ളയാളായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നെങ്കിലും ഓര്‍ക്കുക.
ഇന്ത്യയെന്ന ഒരു രാജ്യം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഇനി ഉണ്ടാകാന്‍ പോകുന്നില്ലെന്നും ജോണ്‍ സ്ട്രാച്ചിയെപ്പോലുള്ള ബ്രിട്ടിഷുകാര്‍ ഊറ്റംകൊണ്ട കാലത്താണു തന്റെ മഹനീയമായ ആശയങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ആ മഹാന്‍ ആസേതുഹിമാചലം ചിതറിക്കിടക്കുന്ന ജസസഞ്ചയത്തെ ഒരു മനസ്സാക്കി മാറ്റിയത്.
പില്‍ക്കാലത്ത് അധികാരത്തിലെത്തിയ നേതാക്കളോ അധികാരം കിട്ടാതെ വിറളിപിടിച്ചു നടന്നവരോ അല്ല, ഗാന്ധിജി മാത്രമാണു ജനകോടികളില്‍ ഇന്ത്യയെന്ന വികാരം വളര്‍ത്തിയതും ആ വികാരമൊരു സമരായുധമാക്കി മാറ്റിയതും. ഒരു സംശയവും വേണ്ട, അതിന്റെയൊക്കെ ഫലമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി.
1947 ആഗസ്റ്റ് 14നും 15 നുമിടയ്ക്കുള്ള അര്‍ധരാത്രിയില്‍ ഇന്ത്യയുടെ അധികാരക്കൈമാറ്റം നടക്കുന്ന വേദിയിലേയ്ക്കു മഹാത്മജി കടന്നുചെന്ന് 'ഞാന്‍ ഭരിക്കും ഇന്ത്യയെ' എന്നു പ്രഖ്യാപിച്ചിരുന്നെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഏതെങ്കിലും നേതാവിനു ചങ്കൂറ്റമുണ്ടാകുമായിരുന്നോ. നേതാക്കന്മാര്‍ പ്രതിഷേധിച്ചാലും ഇന്ത്യന്‍ ജനതയൊട്ടാകെ ഗാന്ധിക്കൊപ്പം നില്‍ക്കുമായിരുന്നില്ലേ.
പക്ഷേ, ഗാന്ധി അധികാരത്തിലേയ്ക്കല്ല, കലാപം ചോരപ്പുഴകളൊഴുക്കിയ നവഖാലിയിലേയ്ക്കാണ് പോകാന്‍ തീരുമാനിച്ചത്. അത്തരമൊരു തീരുമാനമെടുക്കാന്‍ ഗാന്ധിജിക്കേ കഴിയൂ. ഗാന്ധി ശിഷ്യരെന്ന് അഭിമാനിച്ച നേതാക്കളില്‍ ഒരാള്‍പോലും അദ്ദേഹത്തെ അനുധാവനം ചെയ്യാനുണ്ടായിരുന്നില്ല. അധികാരത്തില്‍ ഭ്രമിക്കാതെ മാനവസേവ ചെയ്യുകയെന്ന ഗാന്ധിയുടെ ആശയം ഏതു നേതാവാണു പില്‍ക്കാല ഇന്ത്യയില്‍ നടപ്പാക്കിയത്.
ഇന്നിപ്പോള്‍ നമ്മള്‍ പ്രസംഗവേദികളില്‍ ഗാന്ധിയെ പ്രകീര്‍ത്തിക്കുന്നു. ഗാന്ധിമാര്‍ഗത്തിലൂടെ സഞ്ചരിക്കലാണ് ഇന്ത്യയുടെയും ലോകത്തിന്റെയും രക്ഷയ്ക്കുള്ള ഏക മാര്‍ഗമെന്ന് ഉദ്‌ഘോഷിക്കുന്നു. ആത്മാര്‍ഥതയോടെയാണോ ഈ പ്രകീര്‍ത്തനങ്ങള്‍.
ഗാന്ധിജിക്ക് ഏറെ പ്രിയങ്കരമായ പ്രാര്‍ഥനാഗീതമാണ് 'വൈഷ്ണവ ജനതോ യേനേ കഹീയെജെ പീഡ പരായീ ജാനെ രേ' എന്നത്. 'മറ്റുള്ളവരുടെ യാതനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നവരെ, മറ്റുള്ളവരുടെ വിഷമാവസ്ഥയില്‍ സഹായിക്കുന്നവരെ, അത്യാര്‍ത്തിയില്ലാത്തവരെ, എല്ലാവരെയും തുല്യരായി കാണുന്നവരെ, ഒരിക്കല്‍പ്പോലും അഹന്ത മനസ്സില്‍ കടന്നുകൂടിയിട്ടില്ലാത്തവരെ.., അവരെയാണു ദൈവത്തിന്റെ ജനങ്ങളെന്നു വിളിക്കേണ്ടതെ'ന്നാണ് ആ കീര്‍ത്തനത്തിന്റെ അര്‍ഥം.
'ആ അര്‍ഥത്തില്‍ ഞാന്‍ ദൈവത്തിനു പ്രിയപ്പെട്ടവനാണെ'ന്നു പറയാന്‍ ഇന്ത്യയില്‍ എത്രപേര്‍ക്കു കഴിയും. അധികാരക്കസേരകളില്‍ ഇരിക്കുന്നവരില്‍ എത്രപേര്‍ ആ സംബോധനയ്ക്കു യോഗ്യരാണ്.
ഗാന്ധിയോടു നമ്മുടെ ഭരണാധികാരികള്‍ക്ക് ആത്മാര്‍ഥതയില്ലെന്നു തെളിയിക്കാന്‍ ഒരുദാഹരണം മാത്രം പറയട്ടെ,
മഹാത്മജിയുടെ അഹിംസാസിദ്ധാന്തത്തിന്റെ പ്രചാരണത്തിന്റെ ഭാഗംകൂടിയായി ഇവിടെ ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തപ്പെട്ടിരുന്നു. ഗാന്ധി സമാധാന പുരസ്‌കാരമെന്നാണ് അതിന്റെ പേര്. ഒരു കോടി രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
ആ പുരസ്‌കാരം വിതരണം മുടങ്ങിയിട്ട് നാലുവര്‍ഷമായി.
സമാധാനപുരസ്‌കാരം നല്‍കാന്‍ യോഗ്യരായ ആളുകളെ കിട്ടാഞ്ഞിട്ടല്ല. ആര്‍ക്കും ആ പുരസ്‌കാരം വേണ്ടാഞ്ഞിട്ടുമല്ല.
നാലുവര്‍ഷവും നാമനിര്‍ദേശം വന്നിരുന്നു.
എന്നിട്ടും കൊടുത്തില്ല. അന്തിമാനുമതി ലഭിക്കാത്തതാണു കാരണമെന്നാണു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പറയുന്നത്.
ആരുടെ അനുമതി.
ആര്‍ക്കാണു ഗാന്ധിജിയോടിത്ര വിരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."