കോടിയേരിയോട് മുസ്‌ലിം ലീഗ്, വിശ്വാസികളുടെ കാര്യങ്ങളില്‍ അവിശ്വാസികള്‍ ഇടപെടരുത്
മലപ്പുറം: വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതും അവിശ്വാസികളല്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുകളും കോടതികളും ഇടപെടുന്നതു ശരിയല്ലെന്ന നിലപാടാണ് എന്നും മുസ്‌ലിം ലീഗിനുള്ളത്. മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ പള്ളിയില്‍ പോകുന്നവര്‍ക്ക് അതിനുള്ള സൗകര്യങ്ങളുണ്ട്. അല്ലാത്തവരെ നിര്‍ബന്ധിക്കേണ്ട കാര്യവുമില്ല. വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ബാലകൃഷ്ണന്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അങ്കലാപ്പില്‍നിന്ന് രക്ഷപ്പെടുന്നതിനാണ് പള്ളികളില്‍ സ്ത്രീ പ്രവേശനം വേണമെന്നു കോടിയേരി പറഞ്ഞത്.
ശബരിമല വിഷയത്തില്‍ സി.പി.എമ്മും ഇടതു സര്‍ക്കാരും സ്വീകരിച്ച ഇരട്ടത്താപ്പിനെതിരേ വിശ്വാസികളും സ്ത്രീകളും രംഗത്തുവന്നു. ഇതോടെ സി.പി.എം അങ്കലാപ്പിലായി. പുനഃപരിശോധനാ ഹരജി നല്‍കാനുള്ള തീരുമാനം മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെയാണു ദേവസ്വം ബോര്‍ഡ് വേണ്ടന്നു വച്ചത്. ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാമെന്നു സത്യപ്രതിജ്ഞ ചെയ്ത ദേവസ്വം ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്.
കോടതി വിധി അപ്പടി നടപ്പാക്കുകയാണ് തങ്ങളെന്ന സി.പി.എമ്മിന്റെ വാദത്തില്‍ കഴമ്പില്ല. ഹൈവേകളില്‍നിന്ന് മദ്യശാലകള്‍ ഒഴിപ്പിക്കണമെന്ന കോടതി വിധി വന്നതോടെ ഹൈവേകളുടെ പേരു മാറ്റി മദ്യശാലകള്‍ നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെങ്കില്‍ അതു വിശ്വാസികളില്‍ നിന്നാണ് ഉരുത്തിരിഞ്ഞുവരേണ്ടത്.
ബാഹ്യമായ ഇടപെടലുകള്‍ ആവശ്യമില്ല. മറിച്ചാണെങ്കില്‍ വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെ പോകാനും വിശ്വാസികള്‍ക്ക് അവകാശമുണ്ട്. വിശ്വാസികളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിശ്വാസികളുടെ സമരത്തിന് മുസ്‌ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."