പിടിയിലായ ഡാനിഷിനെതിരേ സംസ്ഥാനത്ത് അഞ്ചു കേസുകള്‍
കാളികാവ്: പാലക്കാട് അട്ടപ്പാടിയില്‍ പിടിയിലായ മാവോയിസ്റ്റ് ഡാനിഷിനെതിരേ സംസ്ഥാനത്തുനിലവിലുള്ളത് അഞ്ചു കേസുകള്‍. പാലക്കാട് ജില്ലയില്‍ രണ്ടും മലപ്പുറത്ത് രണ്ടും കോഴിക്കോട് ഒന്നും അടക്കം അഞ്ചു കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. പിടിയിലായ ഡാനിഷിന്റെ മൊഴി പ്രകാരം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
പശ്ചിമഘട്ട മേഖലാ കമ്മിറ്റിയിലെ പ്രവര്‍ത്തകനായ ഡാനിഷ് കോയമ്പത്തൂര്‍ സ്വദേശിയാണ്. 2016 മുതല്‍ ഡാനിഷ് കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തന മേഖലയായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഡാനിഷിനെതിരേ കേസുകളില്ല.
പാലക്കാട്ടെ രണ്ടു കേസുകളും അട്ടപ്പാടി മേഖലയിലാണുള്ളത്. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) യുടെ നൊട്ടിസ് പതിച്ചതുമായി ബന്ധപ്പെട്ടാണ് രണ്ടു കേസുകളും. മലപ്പുറം ജില്ലയില്‍ പൂക്കോട്ടുംപാടം പൊലിസ് സ്റ്റേഷനിലാണ് ഒരു കേസുള്ളത്. 2018 ഓഗസ്റ്റ് 19ന് സ്റ്റേഷന്‍ പരിധിയിലെ തളിപ്പുഴ ഭാഗത്ത് ജനവാസ കേന്ദ്രങ്ങളില്‍ കണ്ടതിനാണ് കേസ്.
മറ്റൊരു കേസ് എടക്കര സ്റ്റേഷനിലാണുള്ളത്. ഒരു വര്‍ഷം മുന്‍പ് അട്ടപ്പാടിയില്‍ പിടിയിലായ മാവോയിസ്റ്റ് നേതാവ് കാളിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 2016ലെ സംഭവവുമായി ബന്ധപ്പെട്ട് എടക്കര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മാവോയിസ്റ്റ് രക്തസാക്ഷി വാരാചരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ കാളിദാസും ഡാനിഷും പങ്കെടുത്തുവെന്നാണ് കേസ്. 2017 ലാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്റ്റേഷനില്‍ ഡാനിഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആയുധം കൈവശം വച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അഞ്ചു കേസുകളുമുള്ളത്. ആയുധ നിയമത്തിന് പുറമേ നിരോധിത സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് എല്ലാ കേസുകളിലും യു.എ.പി.എ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഡാനിഷിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലിസിന്റെ തീരുമാനം. ഡാനിഷിന്റെ മൊഴിയെടുക്കുമ്പോള്‍ കുറ്റസമ്മതം നടത്തിയാല്‍ ഇനിയും കേസുകള്‍ വര്‍ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അട്ടപ്പാടി മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ പ്രധാന പ്രവര്‍ത്തകനാണ് ഡാനിഷ്. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഡാനിഷ് സംഘടനക്കുള്ളില്‍ അഭിനയവും പാര്‍ട്ടിഗാനങ്ങളുടെ ആലാപനവുമാണ് പ്രധാന ചുമതല.
പിടിയിലാകുമ്പോള്‍ ഡാനിഷ് അവശനിലയിലായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പൊലിസും തമിഴ്‌നാട് പൊലിസും ഡാനിഷിന്റെ മൊഴിയെടുക്കാനായി പാലക്കാട് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."