ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പാസ്‌വേഡ് പദ്ധതി; സംസ്ഥാനതല സഹവാസ ക്യാംപിന് നിലമ്പൂരില്‍ തുടക്കം
നിലമ്പൂര്‍: വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം എങ്ങനെ നന്നായി പെരുമാറാമെന്നുകൂടി പഠിക്കണമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന കരിയര്‍, പഠന, പ്രചോദന, വ്യക്തിത്വ വികസന സഹവാസ ക്യാംപ് 'പാസ്‌വേഡിന്റെ' സംസ്ഥാനതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്ക് കൂടുതല്‍ കിട്ടിയത് മാത്രമല്ല വിജയം. പഠനിലവാരം സ്ഥായിയല്ലെന്നും എന്നാല്‍ സ്വഭാവത്തിലെ ഗുണങ്ങള്‍ എക്കാലത്തും നിലനില്‍ക്കുന്നതാണെന്നും വിദ്യാര്‍ഥികള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്വാനിക്കാതെ ഒരാള്‍ക്കും വിജയം നേടാനാവില്ല. പെണ്‍കുട്ടികള്‍ക്ക് അതിര് നിശ്ചയിക്കാതെ പഠനം തുടരാന്‍ സാഹചര്യമൊരുക്കിയാല്‍ രാജ്യം നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയരക്ടര്‍ ഡോ.എ.ബി മൊയ്തീന്‍കുട്ടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, കൗണ്‍സിലര്‍മാരായ ശ്രീജാ ചന്ദ്രന്‍, മുജീബ് ദേവശ്ശേരി, മുംതാസ്ബാബു, എന്‍. വേലുക്കുട്ടി, മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ അനിത എബ്രഹാം, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പല്‍ റുഖിയ്യ, പ്രധാനാധ്യാപകന്‍ പ്രസാദ്, സി.സി.വൈ.എം പ്രിന്‍സിപ്പല്‍ പി. റജീന, സി. ശിഹാബുദ്ദീന്‍ സംസാരിച്ചു.
സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയാണ് സംസ്ഥാന വ്യാപകമായി പാസ്‌വേഡ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."