സമസ്ത ശരീഅത്ത് സമ്മേളനത്തിന് വന്‍ ഒരുക്കങ്ങള്‍
കോഴിക്കോട്: മുത്വലാഖ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിംകോടതിയും സര്‍ക്കാരുമെടുത്ത നിലപാടിന്റെ പശ്ചാത്തലത്തില്‍ 13നു കോഴിക്കോട്ടു നടക്കുന്ന ശരീഅത്ത് സമ്മേളനത്തിനു വന്‍ ഒരുക്കങ്ങള്‍. അടുത്ത വെള്ളിയാഴ്ച ശരീഅത്ത് ഡേ ആയി ആചരിക്കാന്‍ സമസ്ത നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച് എല്ലാ പള്ളികളിലും ശരീഅത്ത് സന്ദേശം നല്‍കാനും സമ്മേളന വിളബരം നടത്താനും നിര്‍ദേശമുണ്ട്.
ശരീഅത്ത് ഡേയുടെ ഭാഗമായി പത്തു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് അയക്കും. മഹല്ലുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഒപ്പ് ശേഖരണം. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല സംഘടനാ സംഗമങ്ങള്‍ വിവിധയിടങ്ങളില്‍ പൂര്‍ത്തിയായി. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നലെ ജില്ലാതല സംഗമം നടന്നു. സമ്മേളനത്തിലേക്ക് എത്തുന്നതിനുള്ള വാഹന സൗകര്യങ്ങള്‍വരെ പലയിടങ്ങളിലും തയാറാക്കിയിട്ടുണ്ട്.
ശംസുല്‍ ഉലമയുടെ നേതൃത്വത്തില്‍ 1985ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ശരീഅത്ത് സമ്മേളനത്തിന്റെ ഓര്‍മപുതുക്കിയാകും മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തില്‍ 13നു കോഴിക്കോട്ട് സമ്മേളനം നടക്കുക.
ശരീഅത്തിനെതിരേയുള്ള പുതിയ വെല്ലുവിളികളെ നിയമത്തിനകത്തുനിന്നു നേരിടുകയും വിശ്വാസികളെ പുതിയ പ്രശ്‌നങ്ങളെക്കുറിച്ചു ബോധവല്‍ക്കരിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മുത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും മുസ്‌ലിം വിവാഹമോചനത്തെ ക്രിമിനല്‍ കുറ്റമാക്കിയതിന്റെ പിന്നിലെ രാഷ്ട്രീയവും അതുണ്ടാക്കുന്ന നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും പൊതുസമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടുന്നതാകും സമ്മേളനം.
കോഴിക്കോട്ടു ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നിസാര്‍ പറമ്പന്‍, സലീം എടക്കര, സുലൈമാന്‍ തിരുവനന്തപുരം, സൈതാലി മുസ്‌ലിയാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."