ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്കായി മികച്ച സംവിധാനങ്ങള്‍ : 53 വിദേശ തീര്‍ഥാടകര്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ നടത്തി
മക്ക: ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്കായി മികച്ച സംവിധാനങ്ങള്‍ ഒരുക്കി മക്ക. 356 പേരാണ് മെഡിക്കല്‍ വിഭാഗത്തില്‍ മാത്രമായി ഇന്ത്യയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയിട്ടുള്ളത്. അത്യാധുനിക ചികിത്സകള്‍ വരെ സൗജന്യമായി ലഭിക്കുന്നുണ്ട് ഹാജിമാര്‍ക്ക്. ഭൂരിഭാഗം പേരും താമസിക്കുന്ന അസീസിയ കാറ്റഗറിയില്‍ മൂന്ന് ഹോസ്പിറ്റലുകളുണ്ട്. മെച്ചപ്പെട്ട ചികിത്സ ഇവിടെ ലഭിക്കും.
ഇതിനു പുറമേ പ്രത്യേകം ഡിസ്പസന്‍സറികളുമുണ്ട്. 16 ആംബുലന്‍സുകളും 32മലയാളികള്‍ ഉള്‍പ്പെടെ 170 ഡോക്ടര്‍മാരും സജ്ജം. കൊടും ചൂടും സ്ഥലം മാറ്റവും കാരണമുള്ള ആരോഗ്യ പ്രയാസങ്ങളാണ് പ്രധാനമായും ഹാജിമാര്‍ നേരിടുന്നത്. ഓണ്‍ലൈന്‍ വഴി എല്ലാ രോഗികളുടേയും വിവരങ്ങള്‍ ലഭ്യമാണ്. ഇതിനാല്‍ ഹജ്ജിനിടെ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് പോലും സേവനം ലഭ്യമാവും. ഹജ്ജ് മിഷന് പുറമെ സഊദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ അത്യാധുനിക ചികിത്സയും ഇവര്‍ക്ക് ലഭ്യമാണ്.
അതേ സമയം ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ മക്കയിലും മദീനയിലുമുള്ള ആശുപത്രികളില്‍ ഇതുവരെ 53വിദേശ തീര്‍ഥാടകര്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഹൃദയം തുറന്നുള്ള ഓപ്പറേഷനുകളും ആഞ്ചിയോപ്ലാസ്റ്റികളുമാണ് ഇവര്‍ക്ക് നടത്തിയത്. ദുല്‍ഖഅ്ദ് ഒന്നു മുതല്‍ ഇരുപതു വരെയുള്ള കാലത്ത് മക്കയിലെയും മദീനയിലെയും ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും വഴി 59,766 തീര്‍ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കി. വൃക്കരോഗികളായ തീര്‍ഥാടകര്‍ക്ക് 304 ഡയാലിസിസുകള്‍ നടത്തി.
പതിനേഴു ഹാജിമാര്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയകളും 101 പേര്‍ക്ക് മറ്റു ഓപ്പറേഷനുകളും നടത്തി. 496 പേരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. ഒരു വനിതാ തീര്‍ഥാടക കുഞ്ഞിന് ജന്മം നല്‍കി. മൂന്നുപേര്‍ക്ക് സൂര്യാഘാതം നേരിട്ടതായും നാലുപേര്‍ക്ക് ഉയര്‍ന്ന ചൂട് മൂലമുള്ള കടുത്ത ക്ഷീണത്തിന്റെ ഫലമായ ദേഹാസ്വാസ്ഥ്യങ്ങള്‍ നേരിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."