അവകാശികള്‍ 69, പഴക്കം ഒന്നേകാല്‍ നൂറ്റാണ്ട് , സ്‌കൂളിപ്പോഴും വാടകക്കെട്ടിടത്തില്‍ തന്നെ
കൊണ്ടോട്ടി: 69 അവകാശികളുള്ള ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുളള സര്‍ക്കാര്‍ സ്‌കൂള്‍ വാടകക്കെട്ടിടത്തില്‍നിന്നു ശാപമോക്ഷം തേടുന്നു. കൊണ്ടോട്ടി ഉപജില്ലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടിയിരുപ്പ് ഗവ. മാപ്പിള എല്‍.പി സ്‌കൂളാണ് സ്ഥിരം സ്ഥലവും കെട്ടിടവുമില്ലാതെ ദുരിതംപേറുന്നത്.
ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഏകാധ്യാപക സ്‌കൂളായി മാറ്റി. 1940കളില്‍ മലബാര്‍ സെന്‍ട്രല്‍ ബോര്‍ഡിനു കീഴിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു രേഖകളില്‍നിന്നു വ്യക്തമാണ്. കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തു കൊട്ടൂക്കരയില്‍ 18 സെന്റിലാണ് ഓടുമേഞ്ഞ കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലായി 112 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ മതിയായ ക്ലാസ് മുറികള്‍, സ്റ്റാഫ്, ലൈബ്രററി എന്നിവയില്ല. കളിമുറ്റവും ശൗചാലയവും നാട്ടുകാരുടെയും പി.ടി.എയുടെയും സഹായത്തോടെ ഒരുക്കിയതാണ്. പഠനമുറികള്‍ സ്മാര്‍ട്ട് റൂമുകളാകുന്ന കാലഘട്ടത്തിലാണ് അനുവദിച്ചുകിട്ടിയ കംപ്യൂട്ടറുകള്‍ സൂക്ഷിക്കാന്‍പോലും ഇടമില്ലാതെ ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നീണ്ട ഹാളില്‍ താല്‍ക്കാലിക മറവച്ചു വേര്‍തിരിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. സ്വന്തമായി കെട്ടിടങ്ങളിലില്ലാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നോ എസ്.എസ്.എയില്‍നിന്നോ ഫണ്ട് അനുവദിച്ച് കിട്ടുകയില്ല. സ്ഥിരം കെട്ടിടമെന്ന ആവശ്യവുമായി നിരവധി തവണ അധികൃതരെ കണ്ടപ്പോള്‍ സ്‌കൂളിന് 68 അവകാശികളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. വാടക പിരിക്കാന്‍ ഇവരാരും എത്താറുമില്ല. ഇവരയെല്ലാം അനുനയിപ്പിച്ചു സ്‌കൂളിന് സ്ഥലവും കെട്ടിടവും നേടിയെടുക്കാനുളള ശ്രമം തുടങ്ങിയിട്ടും കാലങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."