അര്‍ണാബിനെ വിമര്‍ശിച്ച രാജേഷിന് അഭിനന്ദനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: റിപ്പബ്ലിക്ക് ടിവി ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ തുറന്ന കത്തിലൂടെ നിശിത വിമര്‍ശനമുയര്‍ത്തിയ എം.ബി രാജേഷ് എം.പിയെ അഭിനന്ദിച്ച് വിടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അഭിനന്ദനം.
'മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം ഇപ്പോള്‍ അര്‍ണബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എം.ബി.രാജേഷ് എം.പിക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്'- ബല്‍റാം പറയുന്നു.
എറണാകുളത്തെ 'മുസ്ലിം ഏകോപന സമിതി' ഹര്‍ത്താല്‍ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കുറിച്ചു. കോടതി വിധി തെറ്റാണെങ്കിലും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയല്ല നീതി ഉറപ്പാക്കേണ്ടതെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിയുടെ പ്രൈം ടൈം ചര്‍ച്ചയില്‍ എം.ബി രാജേഷ് സി.പി.എം പ്രതിനിധിയായി പങ്കെടുത്തിരുന്നു. കോടിയേരിയുടെ കണ്ണൂര്‍ പ്രസംഗമായിരുന്നു ചര്‍ച്ച.
ചര്‍ച്ച നയിച്ച മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി രാജേഷിനെ പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ അനുവദിക്കാതെ അദ്ദേഹത്തെ കടന്നാക്രമിച്ചു സംസാരിച്ചു. ഈ വീഡിയോ പിന്നെ റിപ്പബ്ലിക്് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ പബ്ലിഷ് ചെയ്യുകയും വൈറലായി മാറുകയും ചെയ്തു.
ഇതോടെ അര്‍ണാബിന് ഒരു തുറന്ന കത്ത് എഴുതി കൊണ്ട് രാജേഷ് രംഗത്തെത്തി. രാജേഷിന്റെ ഫേസ്ബുക്ക് പേജിലൂടെ രാജേഷ് പുറത്തുവിട്ട കത്തില്‍ മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം സംബന്ധിച്ച ചര്‍ച്ചക്കാണ് തന്നെ ക്ഷണിച്ചതെന്നും എന്നാല്‍ സ്റ്റുഡിയോയില്‍ എത്തിയ ശേഷമാണ് വിഷയം കോടിയേരിയുടെ പ്രസംഗമാണെന്ന് അറിഞ്ഞതെന്നും രാജേഷ് വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെ പെരുമാറിയ അര്‍ണാബിനെ രാജേഷ് ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."