അഭിഭാഷകര്‍ ഗുണ്ടകളെ പോലെ പെരുമാറരുതെന്ന്
ഹരിപ്പാട്: ഗുണ്ടകള്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി അഭിഭാഷകര്‍ക്ക് കോടതിയില്‍ പോകാം. എന്നാല്‍ അവര്‍ ഗുണ്ടകളെ പോലെ പെരുമാറരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മാധ്യമപ്രവര്‍ത്തകരെ എന്തിനാണ് അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുന്നത്. പാവങ്ങളായ പത്രക്കാര്‍ അടി കൊണ്ടാല്‍ തിരിച്ചടിക്കാനുള്ള ശേഷിയില്ലാത്തവരാണെന്നും ജി സുധാകരന്‍ പറഞ്ഞു.
വ്യാപാരി വ്യവസായ സമിതി ഹരിപ്പാട് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ സാമൂഹ്യ ബാധ്യത മറക്കുന്നതായാണ് ഇപ്പോള്‍ കാണുന്നത്. കോടതി വളപ്പില്‍ നിന്നും ബിയര്‍ കുപ്പികളും മറ്റും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വലിച്ചെറിഞ്ഞത് തരംതാണ നടപടിയായി പോയി. ഈ സംഭവത്തില്‍ അമേരിക്കന്‍ ബുദ്ധി എവിടെയോ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലിസ് നടപടി ശരിയായില്ലെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ട് കോടതി ഇടപെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നര വര്‍ഷത്തേക്കു കൂടി കരാര്‍ ഉള്ള റോഡുകളാണ് പൊളിഞ്ഞിരിക്കുന്നത്. അറുപത് ദിവസം മാത്രം പ്രായമായ സര്‍ക്കാരിന് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയില്ല. മഴ കാരണമാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയത്. ചെറുകിട ഇടത്തരം കച്ചവടക്കാര്‍ ഏറ്റവും ആശ്രയിക്കുന്ന സംഘടനയായ വ്യാപാരി വ്യവസായി സമിതിയിലേക്ക് കൂടുതല്‍ അംഗങ്ങള്‍ എത്തി കൊണ്ടിരിക്കുന്നത് ഇതിന്റെ വളര്‍ച്ചയെയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് ഡി രാജഗോപാല്‍ അധ്യക്ഷനായി.
മുന്‍ എം.എല്‍.എ ടി.കെ ദേവകുമാര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം സുരേന്ദ്രന്‍ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. സമിതി ജില്ലാ പ്രസിഡന്റ് ഒ അഷറഫ് സംഘടനാ റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി എ.എം നിസാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം സത്യപാലന്‍, കെ മോഹനന്‍, എസ് സുരേഷ്‌കുമാര്‍, എന്‍ സോമന്‍, സിന്ധുമോഹന്‍, ഷാജിമോഹന്‍, ഐ ഹസന്‍കുഞ്ഞ്, സതീശ് ആറ്റുപുറം, എന്‍ ചന്ദ്രന്‍, സി സുനില്‍കുമാര്‍, എം നൗഷീര്‍ഖാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."