വിശുദ്ധ റമദാന്‍; മാറ്റത്തിന്റെയും വിട്ടുവീഴ്ചയുടെയും മാസം
മാപ്പിന്നും വിട്ടുവീഴ്ചക്കും സന്മനോഭാവത്തിനുമുള്ള സുവര്‍ണ സന്ദര്‍ഭമാണ് റമദാന്‍.സാമൂഹിക ബന്ധത്തിന്റെ പൊട്ടിപ്പോയകണ്ണികള്‍ വിളക്കിച്ചേര്‍ക്കാനുള്ള അവസരവുമാണത്. ദൈവികമായ മാപ്പിന്റെയും മാനുഷികമായ വിട്ടുവീഴ്ചയുടെയും മാസം. റമദാനില്‍ എല്ലാം മാറുന്നു. ആകാശം മാറും, ഭൂമി മാറും, എന്തിന്, ജനങ്ങളുടെ സ്വഭാവം പോലും മാറും റമദാനില്‍. മനുഷ്യന്റെ വിശ്വാസത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലും സമൂലമാറ്റം വരുത്താന്‍ ഉദ്ദേശിച്ച് അവതീര്‍ണമായ ദൈവിക ഗ്രന്ഥങ്ങള്‍ ഭൂമിയില്‍ ഇറക്കാന്‍ അല്ലാഹു തെരഞ്ഞെടുത്തതും റമദാന്‍ മാസം തന്നെ. പ്രവാചകന്‍ മൂസ(അ)ക്ക് തൗറാത്ത് നല്‍കിയത് ഈസാ(അ)ക്ക് ഇഞ്ചില്‍ ലഭിച്ചത് ദാവൂദ് നബി(അ)ക്ക് സബൂര്‍ കിട്ടിയത് ഇബ്‌റാഹീം നബി(അ)ക്ക് വേദം ലഭിച്ചത് ഏറ്റവും ഒടുവില്‍ മുഹമ്മദ് നബി(സ)ക്ക് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച് കിട്ടിയത് എല്ലാം വിശുദ്ധ റമദാനിലായിരുന്നു. റമദാനില്‍ പ്രപഞ്ചത്തില്‍ സമഗ്ര മാറ്റം സംഭവിക്കുന്നതായി നബി(സ) പറഞ്ഞിട്ടുണ്ട്. ''റമദാനിന്റെ ആദ്യ രാത്രിയില്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ചങ്ങലകളില്‍ ബന്ധിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ക്ക് താഴ്‌വീഴും. അതില്‍ ഒരു വാതില്‍ പോലും തുറക്കപ്പെടില്ല. സ്വര്‍ഗ വാതിലുകള്‍ തുറക്കപ്പെടും. ഒരു വാതില്‍ പോലും അടയില്ല.''നന്മ കൊതിക്കുന്നവനേ, മുന്നോട്ടുവരൂ. തിന്മ തേടുന്നവനേ, പുറകോട്ടു പോകൂ'എന്ന പ്രഖ്യാപനമുണ്ടാവും. മാത്രമല്ല നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നവരായി നിരവധിയുണ്ടാവും. അത് എല്ലാ രാവിലും സംഭവിക്കും.ആകാശ ലോകത്താണ് ഈ മാറ്റങ്ങളുടെ വിളംബരം ഉണ്ടാവുന്നതെങ്കില്‍ സമാനമായ മാറ്റം ഭൂമിയിലും സംഭവിക്കും. ജനമനസ്സുകള്‍ ശാന്തമാവും. നന്മയോടുള്ള പ്രതിപത്തി വര്‍ധിക്കും. റമദാനില്‍ എങ്ങനെയാണ് നന്മയും കാരുണ്യപ്രവര്‍ത്തനങ്ങളും കൂടുന്നതെന്ന് റസൂല്‍(സ) നമുക്ക് ജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുണ്ട്. റമദാനില്‍ നബി(സ) അങ്ങേയറ്റം ഉദാരമതിയായിരുന്നു. പത്‌നി ആഇശ(റ) ഓര്‍ക്കുന്നു: ''റമദാന്‍ ആഗതമായാല്‍ നബി(സ) തടവുകാരെയെല്ലാം വിട്ടയക്കും, ചോദിച്ചുവരുന്നവര്‍ക്കെല്ലാം കൊടുക്കും.'' അതായത് റമദാന്‍ മറ്റ് മാസങ്ങളെ പോലെയല്ലെന്ന് സാരം. റമദാനിലെ ഓരോ ദിനവും നാം പുതിയ പാഠങ്ങള്‍ പഠിക്കും. ഓരോ ദിവസവും പുതിയ അനുഭവ പ്രപഞ്ചം നമുക്ക് മുന്നില്‍ തുറന്നുതരും.ശഅ്ബാന്‍ മാസത്തില്‍ നബി(സ) പ്രാര്‍ഥിക്കുമായിരുന്നു: ''അല്ലാഹുമ്മ ബാരിക് ലനാ ഫീ ശഅ്ബാന്‍, വ ബല്ലിഗ്‌നാ റമദാന്‍'' (അല്ലാഹുവേ, ശഅ്ബാനില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ ചൊരിയേണമേ! റമദാനില്‍ ഞങ്ങളെ നീ എത്തിക്കേണമേ!)റമദാന്ന് വേണ്ടിയുള്ള മുന്നൊരുക്കം ശഅ്ബാനിലേ തുടങ്ങും. നബി(സ)സൂചിപ്പിച്ചു:''നോമ്പുകാരന്ന് രണ്ട് സന്തോഷങ്ങളുണ്ട്. ആ ആനന്ദം രണ്ടും അവന്‍ അനുഭവിച്ചറിയും. നോമ്പു മുറിക്കുമ്പോള്‍ തുറക്കുന്ന വേളയിലെ സന്തോഷം. തന്റെ നാഥനെ കണ്ടുമുട്ടുമ്പോള്‍ നോമ്പു നോറ്റതിലെ ആഹ്ലാദം.'' ഭിന്നിപ്പില്‍ നിന്നും ഛിദ്രതയില്‍നിന്നും അനൈക്യത്തില്‍നിന്നും അകന്ന് നില്‍ക്കാന്‍ റമദാന്‍ നമ്മെ പഠിപ്പിക്കുന്നു. അതാണ് റമദാന്‍ നല്‍കുന്ന വലിയ പാഠം. ഐശ്വര്യവും അറിവും ഉല്‍ക്കര്‍ഷവും ഇല്ലാതാക്കാനേ ഭിന്നിപ്പും തര്‍ക്കവും ഉതകൂ എന്നത് അനുഭവ യാഥാര്‍ഥ്യമാണ്. റസൂലി(സ)ന്റെ സന്നിധിയില്‍വെച്ച് രണ്ടു സ്വഹാബികള്‍ ശണ്ഠ കൂടിയതും ബഹളം വെച്ചതും അറിയാമല്ലോ. ലൈലത്തുല്‍ ഖദ്ര് ഏത് ദിവസമാണെന്ന് അറിയാനുള്ള മുസ്‌ലിം സമുദായത്തിന്റെ അവസരമാണ് ആ ശണ്ഠ മൂലം നഷ്ടപ്പെട്ടതെന്നോര്‍ക്കണം. ഉബാദത്തുബ്‌നുസ്സാമിത്ത്(റ) ആ സംഭവം അനുസ്മരിക്കുന്നു: ''ലൈലത്തുല്‍ ഖദ്ര്! ഏത് ദിവസമാണ് ഉണ്ടാവുക എന്ന് ഞങ്ങളെ അറിയിക്കാനായി റസൂല്‍(സ) പുറത്തുവന്നു. അപ്പോള്‍ മുസ്‌ലിംകളില്‍പെട്ട രണ്ട് വ്യക്തികള്‍ ശണ്ഠ കൂടി സംസാരിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ''ലൈലത്തുല്‍ ഖദ്ര്! എന്നാണെന്ന് നിങ്ങളോട് പറയാനാണ് ഞാന്‍ പുറത്തേക്ക് വന്നത്. അപ്പോഴാണ് രണ്ടാളുകള്‍ ശണ്ഠ കൂടുന്നത് കണ്ടത്. അന്നേരം അത് ഉയര്‍ത്തപ്പെട്ടു. അതൊരുവേള നിങ്ങളുടെ നന്മക്കായിരിക്കാം' സുപ്രധാനമായ ഒരു വിവരം സമുദായത്തിന് കൈമാറാന്‍ ഉദ്ദേശിച്ച് പുറത്തുവന്ന നബി(സ)ക്ക് തന്റെ വിലപ്പെട്ട സമയം രണ്ടു സ്വഹാബിമാര്‍ക്കിടയില്‍ ഉളവായ പ്രശ്‌നം പരിഹരിക്കാന്‍ ചെലവിടേണ്ടിവന്നു. ശണ്ഠകളും പരസ്പരം കടിച്ചു കീറലും നമുക്ക് ലഭ്യമാകേണ്ട അനുഗ്രഹങ്ങളെ തടഞ്ഞു നിര്‍ത്തും എന്നാണ് അല്ലാഹു ആ സംഭവം കൊണ്ട് നമ്മെ ബോധ്യപ്പെടുത്തിയത്.
നമ്മുടെ കുടുംബങ്ങള്‍ക്കും സഹോദരങ്ങള്‍ക്കുമിടയില്‍ ഉളവാകുന്ന പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ശണ്ഠകളും മൂലം എന്തെല്ലാം അനുഗ്രഹങ്ങളാണ് നമുക്ക് നഷ്ടപ്പെടുന്നതെന്ന് ഒരു നിമിഷം ഓര്‍ത്തുനോക്കുക.
(ലേഖകന്‍ എസ്.വൈ.എസ്.സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയും തൂശൂര്‍ ജില്ലാ ജന:സെക്രട്ടറിയുമാണ്.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."