തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ രണ്ട് പേര് അറസ്റ്റില്‍
തിരൂര്‍: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ രണ്ട് പേര് അറസ്റ്റില്‍. താനൂര്‍ എ.എം ഹൗസില്‍ നൗഫല്‍ (36), തേഞ്ഞിപ്പലം കാക്കഞ്ചേരി സ്വദേശി നെച്ചിക്കാട്ടില്‍ സമീര്‍ (31) എന്നിവരാണ് തിരൂരില്‍ അറസ്റ്റിലായത്.
തിരുന്നാവായ സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ഹംസയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. മൂന്നു ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ആദ്യം 20 ലക്ഷം രൂപയാണ് എട്ടംഗ സംഘം ആവശ്യപ്പെട്ടത്.
വീട്ടിലേക്ക് വിളിച്ചു ഭീഷണിപ്പെടുത്തിയതോടെ കുടുംബം 10 ലക്ഷം രൂപ സംഘത്തിന് കൈമാറി. രാമനാട്ടുകരയില്വച്ച് അതീവ രഹസ്യമായായിരുന്നു തുക കൈമാറ്റം. എന്നാല്‍ വീണ്ടും മര്‍ദനം തുടരുകയും ശരീരത്തില്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും ചെയ്ത് ഹംസയെ അവശനിലയിലാക്കിയ സംഘം കുടുംബത്തെ വീണ്ടും വിളിച്ച് 40 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ ഹംസയുടെ കുടുംബം വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നിര്‍ദേശപ്രകാരം കുടുംബാംഗങ്ങള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ ഫോണില്‍ വിളിച്ച് ബാക്കി തുക കൈപ്പറ്റുന്നതിന് വരാന്‍ ആവശ്യപ്പെട്ടു. പൊലിസിന്റെ തന്ത്രപരമായ നീക്കം മനസിലാക്കാതെ സംഘാംഗങ്ങളായ നൗഫലും, സമീറും എത്തുകയായിരുന്നു. ഇവര്‍ പൊലിസ് കസ്റ്റഡിയിലായതോടെ സംഘത്തിലെ മറ്റുള്ളവര്‍ ഹംസയെ പട്ടാമ്പിയിലെ കൊപ്പത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു.
സി.ഐ അബ്ദുല്‍ ബഷീര്‍, എസ്.ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."