റിയാസ് മുസ്ലിയാര് വധം: വിചാരണ ഇന്ന് തുടങ്ങും
കാസര്‍കോട്: പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന റിയാസ് മുസ്ലിയാരെ വധിച്ച കേസിലെ വിചാരണ ഇന്ന് തുടങ്ങും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. കര്‍ണാടക കുടക് സ്വദേശിയും ചൂരി മദ്റസ അധ്യാപകനും കൂറി മസ്ജിദ് മുഅദ്ദിനുമായിരുന്നു റിയാസ് മുസ്ലിയാര്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി അക്രമികള്‍ റിയാസ് മുസ്ലിയാരെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് പൊലിസ് രജിസ്റ്റര്‍ ചെയ്ത 2102017 കേസില്‍ ഐ.പി.സി 450, 302, ആര്‍ഡബ്ല്യു 34 ഐ.പി.സി എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചേര്‍ത്തിട്ടുണ്ട്.
അന്നത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് പൊലിസ് മേധാവിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
റിയാസ് മൗലവിയുടെ ഭാര്യ എം.ഇ സൈദ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സാമുദായിക കലാപം ഇളക്കിവിടാനാണ് പ്രതികള്‍ നീക്കം നടത്തിയതെന്നാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ യു.എ.പി.എയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിട്ടിരുന്നു. കേസില്‍ യു.എ.പി.എ ചുമത്തണമോ എന്ന കാര്യം ഇനി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തീരുമാനിക്കേണ്ടത്. റിയാസ് മുസ്ലിയാരെ കൊലപ്പെടുത്തി നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു പ്രതികളുടേതെന്നു പൊലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അഡ്വ. കെ. അശോകനെ സ്്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നേരത്തെ നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."