ഓപ്പറേഷന്‍ അനന്തയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന്
ഒറ്റപ്പാലം: മാസങ്ങളായി നിര്‍ത്തിവച്ച ഓപ്പറേഷന്‍ അനന്തയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗ തീരുമാനം. ഒറ്റപ്പാലം എം.എല്‍.എ പി ഉണ്ണി അധ്യക്ഷതനായ യോഗത്തിലാണ് തീരുമാനം.
വെള്ളപ്പൊക്കത്തോടനുബന്ധിച്ച് വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതേയുള്ളൂവെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഓരോ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലും നിശ്ചിത ബിപിഎല്‍ അംഗങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്ന് നിജപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പി.എ ഷൗക്കത്തലി ആവശ്യപ്പെട്ടു. അനര്‍ഹര്‍ ഒഴിവാവുന്ന മുറയ്ക്ക് മാത്രമേ ബിപിഎല്‍ ലിസ്റ്റില്‍ മറ്റൊരു കുടുംബത്തെ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ എന്നും ഉദ്യോഗസ്ഥന്‍ പറയുകയും ചെയ്തു. റേഷന്‍കാര്‍ഡ് സംബന്ധിച്ച് അക്ഷയ മുഖാന്തരം നല്‍കിയ അപേക്ഷകള്‍ വീണ്ടും താലൂക്ക് സപ്ലൈ ഓഫിസില്‍ നല്‍കണമെന്ന വ്യവസ്ഥ ശരിയല്ലെന്നും അംഗങ്ങള്‍ പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒറ്റപ്പാലം നഗരത്തില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും താലൂക്ക് വികസന സമിതി യില്‍ ഉയര്‍ന്നു.
ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ രോഗികളെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായതായി പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നു. നഗരത്തിലെ സംസ്ഥാനപാതയില്‍ സീബ്രാലൈന്‍ ഇടുന്നത് സംബന്ധിച്ച് എട്ടു ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതല്ലാതെ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും, 70 ലക്ഷം രൂപയുടെ അടിയന്തര റോഡ് പുനരുദ്ധാരണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഈമാസം പതിനഞ്ചിനകം പൂര്‍ത്തിയാകുമെന്നും, മംഗലം കയറ്റത്തില്‍ ഇന്റര്‍ലോക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക്201516ലെ വരള്‍ച്ച നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സാങ്കേതിക തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നു.
പൊതുജനങ്ങള്‍ക്ക് നടന്നു പോവാനാവാത്തവിധം ഒറ്റപ്പാലം നഗരത്തിലെ പൊതുനിരത്ത് കൈയേറിയ രീതിയില്‍ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ മുഖ്യകാരണം നഗരസഭ ഉദ്യോഗസ്ഥരുടെ മൃദുസമീപനമാണെന്ന് എം.എല്‍.എ പറഞ്ഞു. ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന കവര്‍ച്ച പിടിച്ചുപറി എന്നിവയ്ക്ക് പരിഹാരം കാണാനോ, പ്രതികളെ പിടികൂടാനോ പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ് ആയിട്ടില്ലെന്നും താലൂക്ക് വികസന സമിതിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന യിടങ്ങള്‍ പരിശോധിക്കണമെന്നും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്ത തും, ഡ്രൈനേജി ലെ വെള്ളം സിവില്‍ സ്റ്റേഷനില്‍ കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള പരിഹാരം കാണുന്നതിന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. പൊതുജന പങ്കാളിത്തം ഇല്ലാത്ത രീതിയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ ബോധവല്‍ക്കരണ പരിപാടി പരാജയമെന്നും താലൂക്ക് വികസന സമിതിയില്‍ ആക്ഷേപമുയര്‍ന്നു. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് 8 മീറ്റര്‍ വീതിയുള്ള റോഡ് വെള്ളത്തിന്റെ സൗകര്യം എന്നിവ ലഭ്യമാവുന്ന സ്ഥലങ്ങള്‍ അന്വേഷിച്ചു വരുന്നതായും കണ്ടെത്തുന്ന മുറയ്ക്ക് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭാസ്‌കരന്‍, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."