കടുവകളുടെ കാര്യത്തിലും വയനാട് കിടുവാ...
കല്‍പ്പറ്റ: ലോകത്ത് കടുവാ ദിനാചരണം 10 വര്‍ഷം പിന്നിടുമ്പോള്‍ വയനാടന്‍ കാടുകള്‍ക്ക് പറയാനുള്ളത് കടുവകളുടെ വര്‍ധനവിന്റെ കഥ. ദേശീയ മൃഗത്തിന്റെ സംരക്ഷണത്തിനുള്ള സംസ്ഥാനത്തെ രണ്ടു സങ്കേതങ്ങളെയും ബഹുദൂരം പിന്നിലാക്കി കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാം സ്ഥാനത്താണ്. പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലുള്ള കടുവകളുടെ മൂന്നിരട്ടിയാണ് വയനാടന്‍ കാടുകളില്‍ കണ്ടെത്തിയ ഒരു വയസിന് മുകളിലുള്ള കടുവകളുടെ എണ്ണം. പെരിയാറിലും പറമ്പിക്കുളത്തും നിലവില്‍ 25 വീതം കടുവകളെയാണ് കണ്ടെത്തിയത്.
എന്നാല്‍ വയനാട്ടില്‍ 84 കടുവകളാണ് ഏറ്റവുമൊടുവില്‍ നടത്തിയ കണക്കെടുപ്പ് പ്രകാരമുള്ളത്. കുഞ്ഞുങ്ങളെ കൂടി കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ 100ന് മുകളില്‍ പോകാനും സാധ്യതയുണ്ട്.
കേരള വനം വന്യജീവി വകുപ്പ് രാജ്യത്ത് ആദ്യമായി ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ഒളികാമറ വഴിയുള്ള നിരീക്ഷണ സംവിധാനത്തിലൂടെയാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. 2017 ആദ്യം മുതല്‍ 2018 അവസാനം വരെയായിരുന്നു നിരീക്ഷണം. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകള്‍ ഒഴിച്ച് സംസ്ഥാനത്തെ 34 വനം ഡിവിഷനുകളിലും ഒളികാമറ നിരീക്ഷണം നടത്തി.
ഇതനുസരിച്ച് കേരളത്തിലാകെ ഒരു വയസിന് മുകളില്‍ പ്രായമുള്ള 176 കടുവകളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കടുവകള്‍ കാണപ്പെടുന്ന രാജ്യമാണ് ഇന്ത്യ. 50 കടുവാ സങ്കേതങ്ങളാണ് വടക്ക് മുതല്‍ തെക്കു വരെ വ്യാപിച്ചു കിടക്കുന്നത്. ഇതില്‍ തെക്കെ ഇന്ത്യയിലാണ് കടുവകള്‍ ഏറ്റവും കൂടുതലുള്ളതെന്നാണ് കണക്കുകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടുവകളുണ്ടെന്ന് പറയപ്പെടുന്നത് കര്‍ണാടകത്തിലാണ്. ഇതു തന്നെയാകാം വയനാട്ടില്‍ കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിനു കാരണം.
കര്‍ണാടകത്തിലെ രണ്ടു കടുവാ സങ്കേതങ്ങളാണ് വയനാടുമായി അതിര്‍ത്തി പങ്കിടുന്നത്. ബന്ദിപ്പുര, നാഗര്‍ഹോള കടുവാ സങ്കേതങ്ങള്‍. ഒപ്പം തമിഴ്‌നാട്ടിലെ മുതുമല കടുവാ സങ്കേതവും വയനാടിനെ തൊട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ ഇവിടത്തെ കടുവകളുടെ പോക്കുവരവ് കൂടി വയനാടന്‍ വനങ്ങളിലൂടെ ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. മറ്റു കാടുകളെ അപേക്ഷിച്ച് വയനാടന്‍ കാടുകള്‍ കടുവകളുടെ ആവാസ വ്യവസ്ഥക്ക് ഏറ്റവും യോജിച്ചതാണെന്നതും വംശവര്‍ധനവിനു കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
25 സ്‌ക്വയര്‍ കിലോമീറ്ററാണ് ഒരു കടുവയുടെ ടെറിട്ടറി എന്നു പറയുന്നത്. ഇങ്ങനെയാകുമ്പോള്‍ കര്‍ണാടകയിലെ കടുവാ സങ്കേതങ്ങളിലും മുതുമല കടുവാ സങ്കേതങ്ങളിലും വസിക്കുന്ന കടുവകളുടെ ടെറിട്ടറിയില്‍ വയനാടന്‍ വനങ്ങളുടെ ഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."