ഉന്നാവോയിലെ അപകടം: രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കി എളമരം കരീമും ബിനോയ് വിശ്വവും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ്. എം.പിമാരായ എളമരം കരീമും ബിനോയ് വിശ്വവുമാണ് നോട്ടിസ് നല്‍കിയത്. സംഭവം കേന്ദ്ര അന്വേഷണ ഏജന്‍സിയോട് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം എവിടെയെത്തിയെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് പെണ്‍കുട്ടിക്ക് നീതി കിട്ടുമോയെന്നും പ്രിയങ്ക ഗാന്ധി ട്വീറ്ററില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇന്നലെയാണ് പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
കേസുമായി തങ്ങള്‍ മുന്നോട്ട് പോവുന്നതിനാല്‍ എം.എല്‍.എയും അനുയായികളും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇപ്പോഴത്തെ സംഭവം ആസൂത്രിതമാണെന്നും പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു.
അതേസമയം, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തിലെ മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അപകടം സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ആരാധനാ മിശ്രയും ആരോപിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ നിര്‍ദേശപ്രകാരം ആരാധനാ മിശ്ര ലഖ്‌നോ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."