കലാപഭൂമിയാക്കാനില്ല: യു.ഡി.എഫ്
തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കാനില്ലെന്ന് യു.ഡി.എഫ് നേതൃയോഗം. വിശ്വാസത്തെ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെങ്കിലും പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി.
ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് യു.ഡി.എഫ് എന്നും സ്വീകരിച്ചിട്ടുള്ളത്. ശബരിമല വിഷയത്തില്‍ 1990ലെ ജസ്റ്റിസ് പരിപൂര്‍ണന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നായിരുന്നു സത്യവാങ്മൂലത്തിന്റെ അന്തസത്ത. ദേവസ്വം ബോര്‍ഡും ഇതേ സത്യവാങ്മൂലമാണ് നല്‍കിയത്.
എന്നാല്‍, പിന്നീടുവന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അതിനു കടകവിരുദ്ധമായ നിലപാടാണ് സുപ്രിംകോടതിയില്‍ സ്വീകരിച്ചത്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന യാതൊന്നും യു.ഡി.എഫ് അനുവദിക്കില്ല.
കേരളം മതേതര വിശ്വാസികളുള്ള നാടാണ്. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. മുസ്‌ലിം സ്ത്രീകളെ സുന്നി പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. അതു പറയാന്‍ ബന്ധപ്പെട്ടവരുണ്ട്, അവര്‍ പറഞ്ഞുകൊള്ളും.
ഇത്തരം വിഷയങ്ങളില്‍ ബി.ജെ.പി മുതലെടുപ്പിന് ശ്രമിക്കേണ്ട. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്ന ഒരു നടപടിയോടും യു.ഡി.എഫിന് യോജിപ്പില്ല. ശബരിമലയുടെ പേരില്‍ അക്രമം, ഹര്‍ത്താല്‍ എന്നിവയോടും യോജിപ്പില്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വിശ്വാസത്തെ സംരക്ഷിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്കു സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും സ്വീകരിക്കുന്ന നിലപാട് അവസരവാദപരമാണ്. സി.പി.എമ്മും ബി.ജെ.പിയും കള്ളക്കളി കളിച്ചു.
ബി.ജെ.പി ഒരിക്കല്‍ പോലും ഈ കേസില്‍ കക്ഷിചേര്‍ന്നില്ല. കേന്ദ്രവും കക്ഷിചേരാന്‍ തയാറായില്ല. ബി.ജെ.പി അക്രമം ഉണ്ടാക്കിയാല്‍ കേരള സമൂഹം അംഗീകരിക്കില്ല. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സി.പി.എം, ആര്‍.എസ്.എസ് ശ്രമത്തോടു യോജിപ്പില്ല. വിശ്വാസത്തിന്‍മേലുള്ള കോടതികളുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കണം.
ബി.ജെ.പി എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനത്തെ വഞ്ചിച്ചു. പ്രളയത്തെ തുടര്‍ന്നുള്ള ധനസഹായം വി.എസിന്റെ സഹോദര ഭാര്യക്കുപോലും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.എം മാണി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.എ അസീസ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."