24 വര്‍ഷത്തെ നിയമയുദ്ധത്തിന് സമാപ്തി: പുതുമോടിയില്‍ മാനാഞ്ചിറ ലൈബ്രറി
കോഴിക്കോട്: മാനാഞ്ചിറയിലെ കെട്ടിടവും ലൈബ്രറിയും ജില്ലാ ലൈബ്രറി കൗണ്‍സിലിന് സ്വന്തമായതോടെ 24 വര്‍ഷം നീണ്ട നിയമയുദ്ധത്തിനാണ് വിരാമമായത്. തുടക്കത്തില്‍ കോഴിക്കോട് മാനാഞ്ചിറയില്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലായിരുന്നു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്.
1948ലെ പബ്ലിക് ലൈബ്രറി ആക്ടനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ലോക്കല്‍ ലൈബ്രറി അതോറിറ്റി 1952ല്‍ ഈ ലൈബ്രറി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയായി മാറി.
ലോക്കല്‍ ലൈബ്രറി അതോറിറ്റി ഏറ്റെടുത്തതിനെ തുടര്‍ന്ന് റവന്യൂ വകുപ്പില്‍ നിന്ന് 1965ല്‍ 30 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു. 1966ല്‍ ലൈബ്രറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ലോക്കല്‍ ലൈബ്രറി അതോറിറ്റി ഏറ്റെടുത്തു. ലൈബ്രറി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ചുപണിയാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ അമിതാഭ്കാന്ത് നടപടി സ്വീകരിച്ചു. 1993ല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കെട്ടിടം പുതുക്കിപ്പണിയാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കി. ഒരുവര്‍ഷത്തിനകം കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാനും അതുവരെ ജില്ലാ സെന്‍ട്രല്‍ ലൈബ്രറി പ്രവര്‍ത്തിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാനും പണിപൂര്‍ത്തിയായ ശേഷം കെട്ടിടം ജില്ലാ സെന്‍ട്രല്‍ ലൈബ്രറിക്ക് നല്‍കാനും ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ കലക്ടറെ ചുമതലപ്പെടുത്തി.
എന്നാല്‍ പണി പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് കലക്ടറുടെ ശുപാര്‍ശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് 1994ലെ ഉത്തരവ് പ്രകാരം ലൈബ്രറി മനേജ്‌മെന്റിന് ഒരു സൊസൈറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. 1995ല്‍ കലക്ടറുടെ തന്നെ ശുപാര്‍ശപ്രകാരം 30 സെന്റ് സ്ഥലവും സൊസൈറ്റിയെ ഏല്‍പ്പിച്ചു. കെട്ടിടം പണി പൂര്‍ത്തിയായ ശേഷവും ഈ സൊസൈറ്റി പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന പേരില്‍ മാനാഞ്ചിറയില്‍ പ്രവര്‍ത്തിച്ചു.
സര്‍ക്കാരിന്റെ ഈ ഉത്തരവുകള്‍ക്കെതിരേ എല്‍.എല്‍.എ നടത്തിവന്ന ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയിലെ ജീവനക്കാരും ജില്ലാ ലൈബ്രറി കൗണ്‍സിലും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് തുടരുന്നതിനിടെ 1989ല്‍ നിയമസഭ പബ്ലിക് ലൈബ്രറീസ് ആക്ട് പാസാക്കി. 1994 മുതല്‍ എല്‍.എല്‍.എ ഇല്ലാതാവുകയും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും ജില്ലാ ലൈബ്രറി കൗണ്‍സിലും നിലവില്‍ വന്നു. ഈ ആക്ട് പ്രകാരം എല്‍.എല്‍.എയുടെ മുഴുവന്‍ വസ്തുക്കളും ലൈബ്രറി കൗണ്‍സിലിന് കൈമാറിയെങ്കിലും മാനാഞ്ചിറയിലെ 30 സെന്റ് ഭൂമിയും കെട്ടിടവും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കൈമാറിയില്ല.
2010 ഡിസംബര്‍ 15നാണ് സ്വത്തുക്കള്‍ പൂര്‍ണമായി ജില്ലാ ലൈബ്രറി കൗണ്‍സിലിനെ ഏല്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ഉത്തരവ് നടപ്പാക്കാതെ അന്നത്തെ ജില്ലാ കലക്ടര്‍ നീട്ടിക്കൊണ്ടുപോയി. 2011ല്‍ പബ്ലിക് ലൈബ്രറി ഭാരവാഹികളായ എം.ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവു സ്റ്റേ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കും ഇടപെടലുകള്‍ക്കും ഒടുവില്‍ എം.ടി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചു. 2017 ജനുവരി ഒന്നിന് ഹൈക്കോടതി ഉത്തരവിലൂടെ അപേക്ഷ പിന്‍വലിക്കാന്‍ അനുമതി നല്‍കി. വീണ്ടും നടപടിക്രമങ്ങള്‍ മാസങ്ങള്‍ നീണ്ടുപോയി. കഴിഞ്ഞ 26ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ലൈബ്രറി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."